കൊച്ചി: ജനവാസ മേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. എറണാകുളം കോതമംഗലത്താണ് സംഭവം. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വർഗീസിന്റെ കിണറ്റിലാണ് ആന വീണത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കിണറിന്റെ വശം ഇടിച്ച് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഉച്ചയോടെ ആനയെ പുറത്തെത്തിക്കാനായത്. തുടർന്ന് ആന വനത്തിലേയ്ക്ക് കയറി. ആനയുടെ ശരീരത്തിൽ ചെറിയ പരിക്കുകൾ ഉണ്ടെന്നാണ് വിവരം.
പത്ത് വയസുവരുന്ന കൊമ്പനാണ് കിണറ്റിൽ അകപ്പെട്ടത്. ഇന്നുരാവിലെയാണ് പ്രദേശവാസികൾ കിണറ്റിനുള്ളിൽ ആനയെ കണ്ടത്. തുടർന്ന് വന്യജീവി സംഘർഷത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റിവിടില്ലെന്ന് പറഞ്ഞ് എംഎൽഎ ആന്റണി ജോണിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. കളക്‌ടർ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധത്തെത്തുടർന്ന് കിണറിടിച്ച് ആനയെ കരയ്ക്കുകയറ്റുന്ന രക്ഷാദൗത്യം നിർത്തിവച്ചിരുന്നു.
കിണറിന്റെ ഉടമയ്ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതിൽ ഡിഎഫ്‌ഒയെ ചുമതലപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു. സോളാർ ഫെൻസിംഗിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകും. അതിനായുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കളക്‌ടർ ഉറപ്പുനൽകി. തുടർന്നാണ് പതിനൊന്ന് മണിയോടെ രക്ഷാദൗത്യം പുനഃരാരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |