തൃശൂർ: ഒരു മണിക്കൂറിൽ മലയാളികളും അറബികളും ഉൾപ്പെടെ ദുബായിലെ 4040 പേരെ മരണാനന്തര അവയവദാന സമ്മതപത്രത്തിൽ ഒപ്പു വയ്പിച്ച് ഫാദർ ഡേവിസ് ചിറമ്മൽ. ഈ നേട്ടത്തിന് അദ്ദേഹത്തിന് ഗിന്നസ് ലോക റെക്കാഡ് ലഭിച്ചു. അവയവദാന രംഗത്ത് യു.എ.ഇയിലെ ആദ്യ ഗിന്നസ് റെക്കാഡാണിത്.
യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള 'ഹയാത്ത്" ഉൾപ്പെടെ ഏഴ് സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ ഈ നേട്ടം സ്വന്തമാക്കിയത്. ദുബായിൽ ജോലി ചെയ്യുന്നവരും സ്ഥിരതാമസക്കാരുമായ വിവിധ രാജ്യങ്ങളിലുള്ളവർ ഒപ്പിട്ടു. ഇതിൽ പകുതിയോളം മലയാളികളാണ്. വിശ്വാസപരമായ കാരണങ്ങളാൽ അറബികൾ വൈമുഖ്യം പ്രകടിപ്പിച്ചിരുന്ന അവയവദാനത്തിന് ചിറമ്മലച്ചന്റെ ഇടപെടലിലൂടെ മാറ്റമുണ്ടായി. 2009 സെപ്തംബർ 30ന് സ്വന്തം കിഡ്‌നി തൃശൂർ വാടാനപ്പിള്ളി സ്വദേശി ഗോപിനാഥിന് നൽകിയാണ് അവയവദാനത്തിന്റെ പ്രാധാന്യം കൂടുതൽ പ്രചരിപ്പിച്ച് തുടങ്ങിയത്. ഇതിനായി കിഡ്‌നി ഫെഡറേഷൻ ഒഫ് ഇന്ത്യ രൂപീകരിച്ചു. വേൾഡ് കിഡ്‌നി ഫെഡറേഷൻ എക്‌സിക്യുട്ടീവ് അംഗമായ ഫാദർ യു.എ.ഇയുടെയും കുവൈറ്റിന്റെയും അവയവദാന അംബാസഡറാണ്. ഇതിനായി യു.എ.ഇയിൽ 'ഗ്രീൻലൈഫ്' എന്ന സംഘടനയുണ്ടാക്കി.
വീണ്ടും
റെക്കാഡിന്
വിവിധ രാജ്യങ്ങളിലെ കൂടുതൽ പേർ അവയവദാന സമ്മതപത്രം നൽകുന്ന പരിപാടി നാളെ യു.എ.ഇയിൽ നടക്കും. 42 രാജ്യങ്ങളിൽ നിന്നുള്ളവർ ഒപ്പിടുന്നതോടെ ഇത് മറ്റൊരു റെക്കാഡാകും. 2010-14 കാലത്ത് അവയവദാന സന്ദേശവുമായി സംസ്ഥാനത്ത് ചിറമ്മലച്ചൻ നടത്തിയ നാല് മാനവ കാരുണ്യയാത്രയിലൂടെ 10 ലക്ഷം സമ്മതപത്രം ശേഖരിച്ചിരുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമിന് സ്വന്തം സമ്മതപത്രം നൽകിയാണ് തുടക്കമിട്ടത്. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന ഹംഗർ ഹണ്ട്, പാഥേയം പദ്ധതികൾ ഉൾപ്പെടെ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ്.
'ജീവിതകാലത്ത് നാം ഉപയോഗിച്ചു തീർന്ന അവയവം മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ മടിക്കേണ്ടതില്ല.'
-ഫാ.ഡേവിസ് ചിറമ്മൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |