തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഫയർഫോഴ്സ് മേധാവിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറാക്കിയതും നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സ് മേധാവിയാക്കിയതുമാണ് പ്രധാനമാറ്റം. ബറ്റാലിയൻ എഡിജിപിയായ എം ആർ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായായാണ് നിയമിച്ചിയത്. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായെ കേരള പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. മഹിപാൽ യാദവ് ക്രൈം ബ്രാഞ്ച് മേധാവിയാകും.
അനധികൃത സ്വത്ത് സമ്പാദനം, തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുളള കൂടിക്കാഴ്ച തുടങ്ങിയ ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്ന എം ആർ അജിത് കുമാറിന് വീണ്ടും തന്ത്രപ്രധാന സ്ഥാനത്തേക്കാണ് നിയമിച്ചിരിക്കുന്നത്. 2028 വരെ സർവീസുള്ള അജിത് കുമാർ പുതിയ പൊലീസ് മേധാവിയാകാനുള്ളവരുടെ സാദ്ധ്യതാ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
ജയിൽ മേധാവി സ്ഥാനം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നൽകിയിരിക്കുന്നത്. ഐജി സേതുരാമനാണ് ജയിൽ മേധാവിയാകുന്നത്. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന പി പ്രകാശിന് തീരദേശ ചുമതല നൽകി. ക്രൈംബ്രാഞ്ചിൽ നിന്നുള്ള എ അക്ബറിനെ ഇന്റലിജൻസിൽ നിയമിച്ചു. സ്പർജൻകുമാർ ക്രൈംബ്രാഞ്ച് ഐജിയാകും.കഴിഞ്ഞ ദിവസം ഐഎഎസ് തലപ്പത്തും കാര്യമായ അഴിച്ചുപണി നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |