ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് ദശാബ്ദമായി കേരളത്തിന് കേന്ദ്ര വിഹിതം കുറയ്ക്കുന്നു. ഈ യാഥാർത്ഥ്യം മറച്ചുവച്ചാണ് മോശം ധനകാര്യ മാനേജ്മെന്റാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്ന കുറ്റപ്പെടുത്തലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ എതിർവാദമുന്നയിച്ചു.
കടമെടുപ്പ് പരിധിയിൽ നിയന്ത്രണം കൊണ്ടുവന്നതിനെതിരെ കേരളം സമർപ്പിച്ച ഹർജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കും. ഇതിന് മന്നോടിയായിട്ടാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു സർക്കാർ അഭിഭാഷകൻ സി.കെ. ശശി മുഖേന കേന്ദ്ര വാദങ്ങൾക്ക് മറുപടി സമർപ്പിച്ചത്.
അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടേത് വാചകക്കസർത്തും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. വ്യവസായങ്ങൾക്ക് ഭൂമിയുടെ കുറവുള്ളതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായ തന്ത്രമാണ് അവലംബിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ജനക്ഷേമം എന്നിവയിലൂന്നി മനുഷ്യവിഭവ ശേഷിയിലാണ് നിക്ഷേപം. ഇത് മനസിലാക്കാതെ കേരളത്തെക്കുറിച്ച് മോശം ചിത്രം നൽകാനാണ് ശ്രമം.
2019 മുതൽ 2023 വരെ 1.70 -1.75 ശതമാനമാണ് കേരളത്തിന്റെ കടം. അതിനാൽ കേരളത്തിന്റെ കടമെടുപ്പ് സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്തുമെന്ന വാദം അതിശയോക്തിയാണ്. പൊതുകടവും സാമ്പത്തിക അച്ചടക്കവും ദേശീയ വിഷയമാണെങ്കിൽത്തന്നെ സംസ്ഥാനത്തിന്റെ നിയമസഭാ, എക്സിക്യൂട്ടീവ് അധികാരങ്ങളിലേക്ക് കടന്നുകയറാൻ അധികാരമില്ല. അവരവരുടെ പൊതുകടത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും സ്വതന്ത്ര അധികാരമുണ്ട്.
2017 മുതൽ 2024 വരെ 1.07 ലക്ഷം കോടിയാണ് കേരളത്തിന് നഷ്ടപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കും ട്രഷറി മുടക്കത്തിലേക്കും തള്ളിവിടാനുള്ള അന്യായമായ രാഷ്ട്രീയ തന്ത്രമാണ് കേന്ദ്രം പയറ്രുന്നതെന്നും മറുപടിയിൽ ആരോപിച്ചു
കേരളം വിവിധ മേഖലകളിൽ വരിച്ച നേട്ടങ്ങൾ വ്യക്തമാക്കുന്ന പട്ടികയും സമർപ്പിച്ചു.
രാജ്യത്തെ കടബാദ്ധ്യതിയിൽ
60% കേന്ദ്രം വരുത്തിയത്
രാജ്യത്തിന്റെ ആകെ കടത്തിന്റെയും, കുടിശ്ശിക ബാദ്ധ്യതയുടെയും 60 ശതമാനവും കേന്ദ്രത്തിന്റേത്.
ബാക്കി 40 ശതമാണ് എല്ലാ സംസ്ഥാനങ്ങളും ചേർന്നുള്ളത്
ഒരു ദശാബ്ദമായി രാജ്യത്തിന്റെ ധനകാര്യ മാനേജ്മെന്റ് മോശം പ്രകടനമാണ് നടത്തുന്നത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ കണക്കുകളിൽ ഇത് വ്യക്തം
ആഗോള മാർക്കറ്റിൽ കേന്ദ്രത്തിന്റെ മോശം ക്രെഡിറ്റ് റേറ്രിംഗ് സംസ്ഥാനത്തിന്റെ റേറ്റിംഗിനെയും ബാധിക്കും. ഇതിന് ഉദാഹരണമാണ് കിഫ്ബിയുടെ റേറ്രിംഗ്
ജി.ഡി.പിയേക്കാൾ കടം ഉയർന്നുനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. റേറ്രിംഗ് ഏജൻസിയായ മൂഡിയുടെ കണക്കു പ്രകാരം കേന്ദ്രത്തിന്റെ സാമ്പത്തികനില ദുർബലം
കേരളം ചൂണ്ടിക്കാട്ടിയത്
1. കടമെടുപ്പ് നിയന്ത്രണത്തിൽ കേന്ദ്ര ന്യായീകരണം യുക്തിവിരുദ്ധം
2. കേരളം നിരത്തിയ കാര്യങ്ങളിൽ കൃത്യമായ മറുപടിയില്ല
3. ഭരണഘടനാ വിഷയങ്ങളിലെ അനാവശ്യ ഇടപെടലിൽ മിണ്ടാട്ടമില്ല
4. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിനെ അവഹേളിക്കുന്നു
5. ധനകാര്യത്തിൽ സംസ്ഥാന അധികാരങ്ങളിലേക്ക് കടന്നുകയറുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |