കണ്ണൂർ: ഒന്നാം പിണറായി മന്ത്രിസഭയിൽ നിന്ന് ബന്ധു നിയമനവിവാദത്തെ തുടർന്നു രാജിവച്ച ഇ.പി.ജയരാജൻ എന്നും വിവാദങ്ങളുടെ ഉറ്റ സഖാവായിരുന്നു. അപ്പോഴെല്ലാം ഇ.പിക്ക് കവചമായി പാർട്ടി നേതൃത്വം ഉണ്ടായിരുന്നു. വിവാദങ്ങളെ ചിരിച്ചുകൊണ്ട് നേരിടുന്ന ഇ.പി അതിന്റെ തീയും പുകയും അടങ്ങുമ്പോൾ നിർണ്ണായക സ്ഥാനത്ത് തിരിച്ചെത്തുന്നതും രാഷ്ട്രീയകേരളം കണ്ടു. പാർട്ടിയുടെ നയങ്ങളെവരെ ചോദ്യം ചെയ്തിട്ടുണ്ട് ഇ.പി. ജയരാജൻ. ബീഡി വലിച്ച് താടിനീട്ടി പരിപ്പുവടയും തിന്ന് പാർട്ടി വളർത്താനാകില്ലെന്ന പ്രസ്താവനയിലൂടെ പാരമ്പര്യവാദികളെ നേരിട്ട ചരിത്രവും സ്വന്തം. പക്ഷേ, ഒടുവിൽ പെട്ടു. പാർട്ടി കൈവിട്ടാൽ വിട്ടതുതന്നെയെന്ന് പ്രാമാണികചരിത്രങ്ങൾ സാക്ഷി.
1991ൽ കണ്ണൂർ അഴീക്കോടു നിന്ന് നിയമസഭയിൽ എത്തിയ ഇ.പി. ജയരാജന്റെ വളർച്ചയുടെ ഗ്രാഫ് ഉയർന്നുതുടങ്ങിയത് തൃശൂർ ജില്ല സെക്രട്ടറിയായതോടെയാണ്. വൻ വ്യവസായികളുമായി നല്ല സൗഹൃദ ബന്ധത്തിലായിരുന്നു അദ്ദേഹം. ഇത് പാർട്ടിക്കും ഗുണമായി. 1995ൽ ചണ്ഡിഗറിൽ നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് മടങ്ങവെ ആന്ധ്രയിലെ ഓങ്കോളിൽ രാഷ്ട്രീയ എതിരാളികൾ നിയോഗിച്ച ഗുണ്ടകളുടെ വെടിയേറ്റതോടെ ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷവും ലഭിച്ചു. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ്, കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും തിളങ്ങിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ അടക്കമുള്ള പോഷക സംഘടനകളുമായി ബന്ധപ്പെട്ട പാർട്ടി ചുമതലകളും വഹിച്ചതിനാൽ ആ വിഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന നേതാക്കളും ഇ.പിക്ക് സ്വന്തക്കാരായി.
കാലിടറിയത് വൈദേകം റിസോർട്ടിൽ
പാർട്ടി ഗ്രാമമായ മൊറാഴയിൽ പണിത വൈദേകം റിസോർട്ടിന്റെ പേരിലാണ് ഇ.പിക്ക് ശരിക്കും കാലിടറിയത്. ഇപ്പോൾ നടപടിയിലേക്ക് നയിച്ച പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയടക്കം വൈദേകവുമായി ബന്ധപ്പെട്ടാണ് ചർച്ച ചെയ്യപ്പെടുന്നത്.റിസോർട്ടിനെതിരേ പാർട്ടി സംസ്ഥാന സമിതിയിൽ കലാപമുയർന്ന കഴിഞ്ഞ വർഷം റിസോർട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സ് കമ്പനിക്ക് കൈമാറിയതും വിവാദമായി.
വിവാദങ്ങൾ ഇങ്ങനെ
1. ദേശാഭിമാനിയുടെ ജനറൽ മാനേജരായിരിക്കുമ്പോൾ സാന്റിയാഗോ മാർട്ടിനിൽ നിന്ന് രണ്ടു കോടി വാങ്ങിയെന്ന വിവാദം. മാനേജർ സ്ഥാനത്തുനിന്ന് മാറേണ്ടിവന്നു. പിന്നീട് തിരിച്ചെത്തി.
2. കോട്ടയത്ത് കർഷക സംഘത്തിന്റെ മാർച്ച് ഉദ്ഘാടനം ചെയ്യാൻ ഒരു കോടി രൂപ വിലയുള്ള ലാൻഡ്‌റോവറിൽ എത്തിയത്
3. വിവാദ വ്യവസായിയുടെ പരസ്യം പാർട്ടി പത്രത്തിൽ നൽകിയതിനെ തുടർന്നുയർന്ന വിവാദം, പാലക്കാട് നടന്ന പ്ലീനത്തിന് ആശംസ അറിയിച്ചുകൊണ്ടായിരുന്നു പരസ്യം.
4. കണ്ണൂരിൽ പരിസ്ഥിതി ലോല മേഖലയിൽ കണ്ടലുകൾ വെട്ടി പണിത കണ്ടൽ പാർക്ക് വിവാദം.
5. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തി അഞ്ചുമാസത്തിനുള്ളിൽ ഉന്നത തസ്തികയിൽ ബന്ധു നിയമനമെന്ന വിവാദത്തെ തുടർന്നുള്ള രാജി.
6. കുടുംബക്ഷേത്രത്തിന്റെ മറവിൽ റിസോർട്ട് നിർമ്മാണത്തിനായി വനം വകുപ്പിൽ നിന്ന് സൗജന്യമായി തേക്കിൻതടി എത്തിക്കാൻ ശ്രമം നടത്തിയെന്ന ആരോപണം
7. പാർട്ടി സെക്രട്ടറി നയിച്ച യാത്രയിൽ നിന്ന് അനാരോഗ്യം പറഞ്ഞ് മാറിനിന്ന ശേഷം കൊച്ചിയിൽ നന്ദകുമാറിന്റെ അമ്മയെ ആദരിച്ച സംഭവം
8. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരം എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാണെന്നും ബി.ജെ.പിക്ക് മികച്ച സ്ഥാനാർത്ഥികളുണ്ടെന്നുമുള്ള പ്രസ്താവന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |