ഇ.പി.ജയരാജന്റെ സ്ഥാനമാറ്റം ആരുടെയും ത്യാഗമല്ല. അദ്ദേഹത്തിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായും ബി.ജെ.പിയുടെ കേരള പ്രഭാരിയായ പ്രകാശ് ജാവദേക്കറുമായും സ്വകാര്യ ബന്ധമുണ്ടെന്ന് പ്രതിപക്ഷമാണ് ആദ്യം ആരോപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിക്കു വേണ്ടിയാണ് ഇ.പി ജാവദേക്കറെ കണ്ടത്. കേന്ദ്രത്തിലെ അധികാരമുപയോഗിച്ച് സി.പി.എം നേതാക്കൾക്ക് എതിരായ കേസുകൾ ദുർബലപ്പെടുത്തുന്നതിനുവേണ്ടിയുള്ളതായിരുന്നു കൂടിക്കാഴ്ചയെന്ന് സതീശൻ കേരളകൗമുദിയോടു പറഞ്ഞു.
ദല്ലാൾ നന്ദകുമാറുമായുള്ള ഇ.പിയുടെ ബന്ധം തള്ളിയ മുഖ്യമന്ത്രി ജാവദേക്കറെ കണ്ടതിൽ കുഴപ്പമില്ലെന്നും,താനും നിരവധി തവണ കണ്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. അത് എന്തിനെന്ന് വ്യക്തമാക്കണം. തിരഞ്ഞെടുപ്പുകാലത്ത് ജയരാജനെ സംരക്ഷിച്ചവർ ഇപ്പോൾ നടപടിയെടുത്തതെന്തിനെന്നും സതീശൻ ചോദിച്ചു.
സിനിമ മേഖലയിലെ പ്രശ്‌നങ്ങളിൽ കോൺഗ്രസ് പ്രതിഷേധം ശരിയായ നിലയിലാണോ?
പാർട്ടിയും പോഷകസംഘടനകളും തുടർച്ചയായുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. നാളെ എം.പിമാരും എം.എൽ.എമാരുമടക്കമുള്ള യു.ഡി.എഫിന്റെ എല്ലാ നേതാക്കളും സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കും.
ആരോപണങ്ങളുടെ വസ്തുത തെളിയും മുമ്പേ രാജിയാവശ്യമുന്നയിക്കുന്നത് ശരിയാണോ?
നിരന്തരമായ ആരോപണങ്ങളാണ് ഈ വ്യക്തികൾക്കെതിരെ ഉണ്ടാവുന്നത്. ധാർമ്മികമായി എടുക്കേണ്ട നിലപാടാണ് രാജി. അവരെ സംരക്ഷിക്കാൻ സർക്കാർ നടത്തുന്ന ശ്രമം ഹീനമാണ്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോൺക്ലേവാണ് നടത്തുന്നത്. അതല്ല ഇതിന് പരിഹാരം.
പ്രത്യേക സംഘത്തിൽ വിശ്വാസമുണ്ടോ?
പ്രതിപക്ഷമാണ് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘം വേണമെന്ന് ആശ്യപ്പെട്ടത്. അക്കൂട്ടത്തിൽ പുരുഷ ഐ.പി.എസ് ഓഫീസറുമുണ്ട്. അവർ അന്വേഷിക്കട്ടെ. പുതിയ സംഘത്തെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് ഇപ്പോഴുണ്ടായ ആരോപണങ്ങളെക്കുറിച്ചാണ്. കമ്മിറ്റി റിപ്പോർട്ടിലുൾപ്പെട്ട കാര്യങ്ങൾ അന്വേഷിക്കില്ലെന്ന് പറയുന്നത് ആരെ രക്ഷിക്കാനാണ്. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട റിപ്പോർട്ടാണിത്. സ്ത്രീകൾക്കെതിരായി ലൈംഗിക അതിക്രമം വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളാണ് അതിലുൾപ്പെട്ടിരിക്കുന്നത്. സിനിമാമേഖലയിലെ ന്യൂനപക്ഷമാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നത്. പക്ഷേ,നിരപരാധികളും ആക്ഷേപിക്കപ്പെടുന്നു. ഇതില്ലാതാവാൻ റിപ്പോർട്ടിലെ മൊഴിയിലുള്ള കാര്യങ്ങളും അന്വേഷിക്കണം. വേട്ടക്കാർ പുറത്തുവരട്ടെ.
കോൺഗ്രസിലെ ഭിന്നതകൾ പരിഹരിച്ചോ?
പാർട്ടിയിലും നേതൃത്വത്തിലും ഭിന്നതകളില്ല. കെ.പി.സി.സി അദ്ധ്യക്ഷനുമായി നല്ല ബന്ധമാണുള്ളത്. വയനാട് ക്യാമ്പിൽ നടക്കാത്ത കാര്യങ്ങൾ വാർത്തയാക്കിയത് പാർട്ടിയിലുള്ളവരാണ്. അതേക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് അച്ചടക്കസമിതി അദ്ധ്യക്ഷൻ എ.ഐ.സി.സിക്ക് കൈമാറിയിട്ടുണ്ട്. എല്ലാ നേതാക്കളോടും കൂടിയാലോചിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. തെറ്റുണ്ടെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞാൽ തിരുത്താനും തയ്യാറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |