കൊല്ലം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി എസ്.എഫ്.ഐ മുഴുവൻ സീറ്റിലും പെൺകുട്ടികളെ മത്സരിപ്പിച്ച പോരാട്ടത്തിൽ ചെയർപെഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സുമി അതിരില്ലാത്ത ആഹ്ളാദത്തിലാണ്. 'പെൺകുട്ടികൾ എല്ലാമേഖലയിലും നേതൃസ്ഥാനത്തെത്തണം. അതിന് കലാലയങ്ങൾ അവസരം നൽകട്ടെ...'- സുമി പറയുന്നു. കൊല്ലം എസ്.എൻ കോളേജിലെ രണ്ടാം വർഷ എം.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് എസ്. സുമി.
116 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുമിയുടെ വിജയം. കൊല്ലം എസ്.എൻ വനിതാകോളേജിൽ ബി.എസ്സി മാത്തമാറ്റിക്സ് പൂർത്തിയാക്കിയശേഷമാണ് എസ്.എൻ കോളേജിൽ എത്തിയത്. 2018-19 കാലത്ത് വനിതാകോളേജ് യൂണിയൻ ചെയർപേഴ്സണായിരുന്നു. പിന്നീട് യൂണിറ്റ് സെക്രട്ടറിയായി. എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം, കൊല്ലം ഏരിയ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. എസ്.എൻ. കോളേജിൽ നിന്ന് കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ എസ്.എഫ്.ഐ ജില്ല ജോയിന്റ് സെക്രട്ടറി,ഡി.വൈ.എഫ്.ഐ അഞ്ചാലുംമൂട് ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം,തൃക്കരുവ മേഖല പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. കൊല്ലം അഷ്ടമുടി സുമി ഭവനത്തിൽ സുധീപിന്റെയും ഷൈനിയുമാണ് മകളാണ് സുമി. സഹോദരൻ:സുമേഷ്.
ആത്മവിശ്വാസത്തിൽ അമിത
ജെ.എസ്.ഐശ്വര്യ
തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ 121 വോട്ടുകളോടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അമിതാ ബാബുവിന് കൈമുതലായുള്ളത് ആത്മവിശ്വാസമാണ്. പ്രസ്ഥാനം നൽകിയ ഊർജ്ജമാണ് വിജയത്തിന് വഴിതെളിച്ചതെന്ന് വഴുതക്കാട് ഗവ. വിമൻസ് കോളേജിലെ രണ്ടാം വർഷ എം.എ ഫിലോസഫി വിദ്യാർത്ഥിയായ അമിത പറയുന്നു. സുവോളജിയിൽ ബി.എസ്.സി ബിരുദം നേടിയതും വിമൻസിൽ നിന്നായിരുന്നു. അന്ന് മുതൽ രാഷ്ട്രീയവും ചർച്ചകളും തലയ്ക്കുപിടിച്ചു. കഴിഞ്ഞവർഷം കോളേജ് യൂണിയൻ ചെയർപേഴ്സണായിരുന്നു. ഇപ്പോൾ യൂണിറ്റ് സെക്രട്ടറിയും.
ജനറൽ സെക്രട്ടറി പദവി വലിയൊരു ഉത്തരവാദിത്വമാണ്. ദിവസം കുറവായിരുന്നതിനാൽ ഫോണിലൂടെയായിരുന്നു കൂടുതൽ പ്രചാരണവും.
പല കോളേജുകളിലും പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്ററുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നില്ല. അതിനാൽ,പെൺകുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് അമിതയുടെ ലക്ഷ്യം. രാഷ്ട്രീയത്തിനൊപ്പം എൽ.എൽ.ബി എടുക്കണമെന്നത് സ്വപ്നമാണ്. പോങ്ങുംമൂടാണ് താമസം. അച്ഛൻ ബാബു(കോൺട്രാക്ടർ),അമ്മ പ്രസന്ന(സഹകരണ ബാങ്ക് ജീവനക്കാരി),സഹോദരൻ അമൽ ബാബു(ഐ.ടി കമ്പനി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |