
തൃശൂർ : പൂരസ്ഥലത്തേക്ക് ചട്ടവിരുദ്ധമായി ആംബുലൻസിൽ വന്നിറങ്ങിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ തൃശൂർ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ അന്വേഷണം. ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ തൃശൂർ പൊലീസും അന്വേഷണം തുടങ്ങി.
സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് നൽകിയ പരാതികളിലാണ് നടപടി. സുമേഷിന്റെ മൊഴി എ.സി.പി രേഖപ്പെടുത്തി.
രോഗികളെ കൊണ്ടുപോകാനായി മാത്രമുള്ള ആംബുലൻസ് നിയമവിരുദ്ധമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് പരാതി.
പൂരം അലങ്കോലമായ രാത്രി തൃശൂരിലെ വാടക വീട്ടിൽ നിന്നു തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലൻസിൽ എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആംബുലൻസ്ഡ്രൈവറിൽ നിന്ന് തൃശൂർ സിറ്റി പൊലീസ് മൊഴിയെടുത്തിരുന്നു. തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു.സുരേഷ് ഗോപി പൂരത്തിന്റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |