
കൊലപാതകത്തിലേക്ക് നയിച്ചത് കട്ടിലിൽ കിടന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം
കൊച്ചി: എറണാകുളം പച്ചാളത്ത് യുവാവിനെ സുഹൃത്ത് ഫ്രൈയിംഗ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പച്ചാളം ജനതാ കോളനി ലൈനിൽ തുണ്ടിപ്പറമ്പ് വീട്ടിൽ അൽ ജൂഡ് (42) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പച്ചാളം ശാരദ നിവാസിൽ ഷിനോജിനെ (40) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന പച്ചാളം സ്വദേശികളായ രണ്ട് യുവാക്കളും കസ്റ്റഡിയിലുണ്ട്. പ്രതിയുടെ വീട്ടിൽ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഷിനോജിന്റെ കട്ടിലിൽ അൽ ജൂഡ് കിടന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചത്.
ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഇന്നലെ രാവിലെ ഒമ്പതോടെയാണ് വിവരം പൊലീസ് അറിഞ്ഞത്. അമിത മദ്യപന്മാരായ അൽ ജൂഡും ഷിനോജും അടുത്ത സുഹൃത്തുക്കളാണ്. ഷിനോജിന്റെ ഇരുനില വീടിന്റെ ടെറസിൽ പാചകം ചെയ്യാൻ സൗകര്യമുള്ള മുറിയാണ് ഇവരുടെ താവളം. അൽ ജൂഡടക്കം മദ്യപിക്കാൻ നാല് പേരാണ് ഇവിടെ ഒത്തുകൂടിയത്. വാക്കുതർക്കത്തിനിടെ ഷിനോജ് ഫ്രൈയിംഗ് പാനെടുത്ത് അൽ ജൂഡിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയുടെ ശക്തിയിൽ പാനിന്റെ പിടിഭാഗം ഒടിഞ്ഞുപോയി.
മുഖത്തും തലയ്ക്കും ഒന്നിലധികം തവണ അടിയേറ്റിട്ടുണ്ട്. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്നവരിൽ ഒരാൾ രാവിലെ അലക്കിയിട്ട തുണിയെടുക്കാൻ ടെറസിൽ ചെന്നപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന അൽ ജൂഡിനെ കണ്ടത്. ഇയാൾ വിവരം പൊലീസിനെ അറിയിച്ചു. നോർത്ത് സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തുമ്പോൾ ടെറസിലെ മുറിയിൽ ഷിനോജ് ഉണ്ടായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് അൽ ജൂഡിനെ കൊലപ്പെടുത്തിയതാണെന്ന് ഷിനോജ് സമ്മതിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളും അൽ ജൂഡിനെ മർദ്ദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇവർക്കും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
രാവിലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
കളമശേരി മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റുമോർട്ടം നടക്കും. ഷിനോജിനെ ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും. അവിവാഹിതനാണ് അൽ ജൂഡ്. വിവാഹിതനാണെങ്കിലും ഷിനോജിന്റെ ഭാര്യയും മകനും ഇയാളിൽ നിന്ന് അകന്നാണ് കഴിയുന്നത്. ഇരുവരുടെയും മാതാപിതാക്കൾ നേരത്തെ മരിച്ചതാണ്. അൽ ജൂഡിന്റെ സംസ്കാരം ഇന്നുണ്ടായേക്കും.
മദ്യപിച്ചാൽ കൂടെയുള്ളവരെ ആക്രമിക്കുന്നയാളാണ് ഷിനോജെന്ന് സുഹൃത്തുക്കൾ അറിയിച്ചിട്ടുണ്ട്. തലയ്ക്കും മുഖത്തുമെല്ലാം അടിയേറ്റ മുറിവുകളുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നോർത്ത് സി.ഐ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |