തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ആദ്യ മൾട്ടി ഫീഡ് ഡിസ്റ്റിലറി പ്രോജക്ടാണ് പാലക്കാട് വരുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വിവിധ കാർഷികോത്പന്നങ്ങൾ ഉപയോഗിച്ചാണ് ബ്രൂവറിയിൽ സ്പിരിറ്റ് നിർമ്മാണം.
ഉപയോഗശൂന്യമായ അരി, വെജിറ്റബിൾ വേസ്റ്റ്, മരച്ചീനി, ഗോതമ്പ്,സ്വീറ്റ് പൊട്ടറ്റോ, ചോളം എന്നിവയാണ് അസംസ്‌കൃതവസ്തുക്കൾ. ഇത് കാർഷിക മേഖലയ്ക്ക് പുത്തനുണർവേകും.
കോജനറേഷൻ വഴി 6 മെഗാവാട്ട് വൈദ്യുതി ഉത്പാദനവും ലക്ഷ്യമിടുന്നു. ഉത്പാദന പ്രക്രിയയിൽ ഉണ്ടാകുന്ന താപോർജ്ജത്തിൽ നിന്ന് ടർബൈൻ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദനം. ഇതിൽ 3 മെഗാവാട്ട് കമ്പനിയുടെ ആവശ്യത്തിനും ശേഷിക്കുന്നത് ഗ്രിഡിലേക്കും നൽകും.
650 പേർക്ക് നേരിട്ടും 2000പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. സ്ഥാപനത്തിന്റെ ഭാഗമായി നടക്കുന്ന വ്യാപാര ഇടപാടുകളിലുടേയും മറ്റും വലിയ നേട്ടങ്ങൾ വേറെയുമുണ്ടാകും.
പുറത്തുപോകുന്ന കോടികൾ
കേരളത്തിന് കിട്ടും
2024ൽ കേരളത്തിൽ എത്തിയത് 39.55 കോടി ലിറ്റർ ഇ.എൻ.എയും എത്തനോളുമാണ്. ഡിസ്റ്റിലറികൾക്ക് 9.21 കോടി ലിറ്റർ ഇ.എൻ.എ, എണ്ണകമ്പനികൾക്ക് 30.28 കോടി ലിറ്റർ എത്തനോൾ, 8.34 ലക്ഷം ഇൻഡസ്ട്രിയൽ സ്പിരിറ്റ് എന്നിവയും എത്തി. ഇതിൽ പകുതിയും മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. 3000 കോടിയിലേറെ രൂപയാണ് ഇങ്ങനെ അന്യസംസ്ഥാനത്തേക്ക് ഒഴുകുന്നത്. ശരാശരി ലിറ്ററിന് പത്ത് രൂപയാണ് ട്രാൻസ്പോർട്ടേഷൻ ചാർജ്. ഇത് മാത്രം 400 കോടിയോളം രൂപവരും. കേരളത്തിൽ നിർമാണം ആരംഭിച്ചാൽ ട്രാൻസ്‌പോർട്ടേഷൻ ചാർജ് 2 രൂപയായി കുറയും. ഈ ഇനത്തിൽ മാത്രം 300 കോടിയിലധികം രൂപ ലഭിക്കും.
സീറോ ഡിസ്ചാർജ് യൂണിറ്റാണ് സ്ഥാപിക്കുന്നത്. മാലിന്യം പുറത്തുതള്ളുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കും. കമ്പനിയുടെ ടെക്‌നോളജിക്ക് നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ, കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം എന്നിവയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പ്രാദേശിക പരിസ്ഥിതി അനുമതിയും വാങ്ങിയ ശേഷമേ പ്രവർത്തനം ആരംഭിക്കാൻ കഴിയൂവെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
2028ൽ വിഴിഞ്ഞം
യാഥാർത്ഥ്യമാകും
കേരളത്തിൽ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016ൽ ഇടതുസർക്കാർ അധികാരത്തിലേറിയത് മുതലാണ് മാറി തുടങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായ നിക്ഷേപ സൗഹൃദമല്ലെന്ന ആക്ഷേപം മാറി. 2028ൽ വിഴിഞ്ഞം യാഥാർത്ഥ്യമാകും. യു.ഡി.എഫ് കാലത്ത് ആരോഗ്യരംഗം വെന്റിലേറ്ററിലായിരുന്നു. ആർദ്രം മിഷനിലൂടെ ഇടതുസർക്കാർ അതെല്ലാം മാറ്റിയെടുത്തു.
ആർ.എസ്.എസ് നേതാക്കൾക്ക് മുന്നിൽ വണങ്ങി നിന്നിട്ടില്ല
ആർ.എസ്.എസ് നേതാക്കളുടെ ചിത്രത്തിന് മുന്നിൽ വണങ്ങി നിൽക്കുന്നവരല്ല തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയുടെ മറുപടി പ്രസംഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരാമർശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ച് ജയിലിൽ കിടന്ന്, ഒരു പ്ലേറ്റിൽ ഭക്ഷണം കഴിച്ചുവെന്നൊക്കെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നതു കേട്ടു. സംഘപരിവാറുമായി ഒരുമിച്ചു ഭക്ഷണം കഴിക്കാനൊന്നും ഞാനൊരു കാലത്തും പോയിട്ടില്ല. അവർ എന്നോട് പെരുമാറിയത് എങ്ങനെയെന്നത് പറയേണ്ട കാര്യമില്ല, അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്.ഞങ്ങളാരും ആർ.എസ്.എസ് തലവന്മാരുടെ മുന്നിൽ വണങ്ങി നിൽക്കുന്നവരല്ല, അത് ഇപ്പോഴുള്ളവരായാലും മരിച്ചുപോയവരായാലും. വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ല. ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |