തൊടുപുഴ: മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും എം.ബി. രാജേഷിന്റെയും പ്രവർത്തനത്തിനെതിരെ സി.പി.എം ജില്ലാ സമ്മേളനത്തിൽ വിമർശനം. സാധാരണക്കാർ നിരന്തരം ബന്ധപ്പെടുന്ന തദ്ദേശ വകുപ്പിനേക്കാൾ മന്ത്രി എം.ബി. രാജേഷ് മറ്റ് വകുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.തദ്ദേശ വകുപ്പ് നാഥനില്ലാ കളരിയായി മാറി. മന്ത്രിക്ക് എക്സൈസ് വകുപ്പിലാണ് കൂടുതൽ ശ്രദ്ധ.
മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി ജില്ലയിലെ പ്രശ്നങ്ങളിൽ വേണ്ട വിധം ഇടപെടുന്നില്ല. പാർട്ടിയും സർക്കാരും പ്രതിരോധത്തിലാകുന്ന വിഷയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നില്ല.ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ, ജോയ്സ് ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കിയതാണ് ഇത്രയും വലിയ പരാജയത്തിന് കാരണമെന്ന് ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
വനം- റവന്യൂ വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനമാണ് ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലുള്ളത്. നിർമ്മാണ നിരോധനമടക്കമുള്ള ജനവിരുദ്ധ ഉത്തരവുകളിലൂടെ റവന്യൂ വകുപ്പ് മലയോര ജനതയെ നിരന്തരം വെല്ലുവിളിക്കുകയാണ്. ഭൂപതിവ് ഭേദഗതി നിയമം പാസായി മാസങ്ങൾ കഴിഞ്ഞിട്ടും ചട്ടം നിർമ്മിക്കാനാകാത്തത് റവന്യൂ വകുപ്പിന്റെ പിടിപ്പുകേടാണ്. സി.എസ്.ആർ വിഷയത്തിൽ കൃത്യമായി കാര്യങ്ങൾ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിലും പരാജയപ്പെട്ടു. മനുഷ്യ- വന്യജീവി സംഘർഷം തടയുന്നതിൽ വനം വകുപ്പ് പൂർണമായും പരാജയപ്പെട്ടു.കാട്ടാന ആക്രമണത്തിൽ നിരന്തരം മൂന്നാർ റേഞ്ചിലടക്കം ജനങ്ങൾ കൊല്ലപ്പെട്ടിട്ടും ഫലപ്രദമായി പ്രതിരോധിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിറുത്താനോ സംസ്ഥാന സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാനോ കഴിയുന്നില്ല. വനനിയമ ഭേദഗതി ബിൽ കരട് വിജ്ഞാപനമിറക്കിയതിൽ വലിയ ജാഗ്രത കുറവാണുണ്ടായതെന്നും പ്രതിനിധികൾ ഒന്നടങ്കം വിമർശനമുന്നയിച്ചു. പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തോട്ടം മേഖലകളിലെ ലയങ്ങൾ നവീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പായില്ലെന്ന്
മൂന്നാർ, പീരുമേട് ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. പീരുമേട്, മൂലമറ്റം, നെടുങ്കണ്ടം ഏരിയാ കമ്മിറ്റികളിൽ രൂക്ഷമായ വിഭാഗീയതയുണ്ടെന്നും ജില്ലാ സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിലുണ്ട്.
ജില്ലാ സെക്രട്ടറിയായി സി.വി. വർഗീസ് തുടരാനാണ് സാദ്ധ്യത. പൊതുസമ്മേളനം നാളെ വൈകിട്ട് അഞ്ചിന് ഗാന്ധി സ്‌ക്വയറിലെ പഴയ ബസ്റ്റാൻഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |