വർക്കല: വർക്കലയിൽ പിടിയിലായ ലിത്വാനിയൻ പൗരൻ അലക്സെജ് ബസിക്കോവിനെ ഡൽഹി പാട്യാലാ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് തിഹാർ ജയിലിലേക്ക് മാറ്റി. കോടിക്കണക്കിന് ഡോളർ ക്രിപ്റ്റോ കറൻസി തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനുമാണ് ഇയാളെ പിടികൂടിയത്.
ഇന്ത്യയിൽ കേസില്ലാത്തതിനാൽ യു.എസിന് കൈമാറും. വർക്കല പൊലീസാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്കുവേണ്ടി സി.ബി.ഐ കസ്റ്റഡി അപേക്ഷ നൽകും. ചോദ്യംചെയ്യലിന് ശേഷമാകും യു.എസിന് കൈമാറുക.
വർക്കല കുരയ്ക്കണ്ണി കാക്കോട് ജംഗ്ഷന് സമീപത്തെ സോയ വില്ല ഹോംസ്റ്റേയിൽ കുടുബത്തോടൊപ്പം ഉല്ലാസജീവിതം നയിച്ചുവന്ന ബെസ്സിയോക്കോവിനെ 11നാണ് വർക്കല പൊലീസ് പിടികൂടിയത്.
ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ ഗാരന്റക്‌സിന്റെ സഹസ്ഥാപകൻ റഷ്യൻ പൗരൻ അലക്സാണ്ടർ മിറസെർഡ (40), സാങ്കേതിക അഡ്മിനിസ്ട്രേറ്റർ അലക്‌സെജ് എന്നിവർക്കെതിരെ 7ന് യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം ഇറക്കിയിരുന്നു. 2015 മുതൽ കേരളത്തിൽ വരാറുള്ള വിവരം ഇന്റലിജൻസ് ഏജൻസികൾ യു.എസിനെ അറിയിച്ചു. തുടർന്ന് ഇന്റർപോൾ വഴി നോട്ടീസ് അയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര നിയമനടപടികളുടെ ഭാഗമായി ഇയാൾക്കെതിരെ പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് ക്രൈംബ്രാഞ്ച് മേധാവിക്ക് 9ന് സി.ബി.ഐ ഇയാളുടെ വിവരങ്ങൾ കൈമാറി. വിനോദസഞ്ചാര മേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വർക്കലയിലെ പൊലീസ് ഉദ്യോഗസ്ഥനായ ജോജിൻ രാജിന് ഇയാൾ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ ലഭിച്ചു. തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ കമാൻഡോ സുരക്ഷയൊരുക്കിയാണ് വിമാനമാർഗം ഇന്നലെ ഡൽഹിയിൽ എത്തിച്ചത്.
ഗാരന്റക്‌സ് വെളുപ്പിച്ചത്
60 ബില്യൺ ഡോളർ
60 ബില്യൺ ഡോളറിലധികം കള്ളപ്പണം ഗാരന്റക്‌സ് വെളുപ്പിച്ചതായും ഹാക്കിംഗ്, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയിലൂടെ കോടിക്കണക്കിന് ഡോളർ നേടിയതായും യു.എസ് നീതിന്യായ വകുപ്പ് കണ്ടെത്തി
ഉത്തര കൊറിയയിലെ ലാസർ ഗ്രൂപ്പുമായി ബന്ധപ്പെട്ട മോഷണങ്ങൾ, ഡാർക്ക്നെറ്റ് മാർക്കറ്റ് വ്യാപാരം എന്നിവയിലും ഗാരന്റക്‌സ് പ്രവർത്തിച്ചിട്ടുണ്ട്
യുക്രെയിൻ അധിനിവേശത്തെത്തുടർന്ന് റഷ്യയിലെ അതിസമ്പന്നരുടെ സമ്പത്ത് രാജ്യത്തിന് പുറത്തേക്ക് മാറ്റിയതിലും ഗാരന്റക്‌സിന് പങ്കുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |