തൃശൂർ : സിന്തറ്റിക് ലഹരി മരുന്നുകൾ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെതിരെ പൊലീസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർദ്ധിച്ചു. ഇവയെ ചെറുത്തുതോൽപ്പിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ രാമവർമപുരം കേരള പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇൻസ്പെക്ടർ പരിശീലനാർത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തകാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. മാഫിയയുടെ പിടിയിൽ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതൽ ശക്തി പകരാൻ പുതിയ സേനാംഗങ്ങൾക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മുഖ്യമന്ത്രി പുരസ്കാരം നൽകി. മികച്ച ഇൻഡോർ കേഡറ്റായി ടി.എസ്.ശ്രുതിയെയും മികച്ച ഔട്ട്ഡോർ കേഡറ്റായി വർഷാ മധുവിനെയും തിരഞ്ഞെടുത്തു. മികച്ച ഷൂട്ടർ മജോ ജോസ്. ബിബിൻ ജോൺ ബാബുജി ഓൾ റൗണ്ടർ. പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്, പൊലീസ് അക്കാഡമി ഡയറക്ടർ ഐ.ജി കെ.സേതുരാമൻ തുടങ്ങിയവർ പങ്കെടുത്തു.
ആശമാരുടെ സമരംകൊണ്ട്
പ്രശ്നം തീരില്ല
തിരുവനന്തപുരം: ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധന പൊതു പ്രശ്നമാണെന്നും സമരത്തിന്റെ ഭാഗമായി മാത്രം തീരുമാനിക്കാൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആശാവർക്കർമാർക്ക് ഏറ്റവും നല്ല രീതിയിൽ ആനുകൂല്യം നൽകുന്ന സംസ്ഥാനമാണ് കേരളം.സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ചില സാമ്പത്തിക പ്രയാസങ്ങൾ വന്നപ്പോൾ, ചില കാര്യങ്ങൾ കുടിശിക ആയിട്ടുണ്ടാവും. അത് തിരുത്താനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. കേന്ദ്ര സഹായം ലഭിക്കുകയെന്നത് പ്രധാനമാണ്. എന്നാൽ അക്കാര്യത്തിൽ വ്യക്തത കേന്ദ്രത്തിൽ നിന്നു വന്നിട്ടില്ല. മറ്റെന്തെങ്കിലും നടപടി സർക്കാർ ഇപ്പോൾ തീരുമാനിക്കേണ്ടതില്ല.
ഇടത് സർക്കാരിന് മൂന്നാം ഊഴം ഉറപ്പാണ്. മൂന്നാം ഊഴം എന്നത് വ്യക്തി എന്ന നിലയ്ക്ക് കാണേണ്ടതില്ല. വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്നില്ല. എന്നാൽ അവർക്ക് ശക്തമായി മറുപടി പറഞ്ഞെന്നുവരും. കേന്ദ്രധനമന്ത്രിയുമായി ഡൽഹിയിൽ നടത്തിയത് പരസ്പര സൗഹൃദ ചർച്ചയാണ്. ചർച്ച ഗുണം ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി.
ആഴ്ചതോറും വാർത്താസമ്മേളനം
ലഹരിക്കെതിരെ വ്യാപകമായ കാമ്പെയ്ൻ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികളും അതിന്റെ ഫലവും ജനങ്ങളോട് തുറന്ന് പറയും. എല്ലാ വിവരങ്ങളും നാടിനെ അറിയിക്കേണ്ടത് ആവശ്യമാണ്. കൊവിഡ് കാലത്തെപ്പോലെ ആഴ്ചയിൽ ഒരു ദിവസം വാർത്താ സമ്മേളനം നടത്താനുദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾ ലഹരി ഉപയോഗിക്കുന്നത്ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കൾ അതു മറച്ചുവച്ചതു കൊണ്ട് കാര്യമില്ല. ഡീ അഡിക്ഷൻ സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. രക്ഷിതാക്കൾ അതിന് സന്നദ്ധരാവണം. തെറ്റു ചെയ്യുന്നവരെ തിരുത്താനുള്ള നടപടിയാണ് വേണ്ടത്. കുട്ടികൾക്ക് കൗൺസലിംഗ് നൽകാൻ സ്വയം സന്നദ്ധരാവുന്ന അദ്ധ്യാപകർക്ക് പരിശീലനം നൽകും. യഥാർത്ഥ മാഫിയ പ്രവർത്തിക്കുന്നത് ലഹരി മേഖലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |