ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരനെ സന്ദർശിക്കാൻ പുന്നപ്രയിലെ അദ്ദേഹത്തിന്റെ വസതിയിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി എത്തി.
വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചന ചടങ്ങിൽ പങ്കെടുക്കാൻ വരുംവഴി ഇന്നലെ ഉച്ചയോടെയായിരുന്നു സന്ദർശനം. പുന്നപ്ര പറവൂർ നവനീതം വീട്ടിലെത്തിയ ബേബിയെയും ഭാര്യ ബെറ്റിയെയും ജി.സുധാകരനും ഭാര്യയും റിട്ട.പ്രൊഫസറുമായ ജൂബിലി നവപ്രഭയും മരുമകൾ രശ്മിയും ചേർന്ന് വരവേറ്റു. ജി.സുധാകരൻ അഭിനന്ദിക്കുകയും വിപ്ളവശാംസകൾ നേരുകയും ചെയ്തു.
ഞങ്ങളുടെ സാറെന്ന് ബേബി
തങ്ങളുടെ തലമുറക്കാർ സുധാകരൻ സാർ എന്നാണ് വിളിക്കുന്നതെന്ന് എം.എ.ബേബി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ എസ്.എഫ്.ഐ പ്രവർത്തകരായി വരുമ്പോൾ അദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും പാർട്ടിയുടെയും യുവജനവിഭാഗത്തിന്റെയും നേതാവായിരുന്നു. അന്നേ അദ്ദേഹം പഠിപ്പിക്കുമായിരുന്നു. അങ്ങനെയാണ് സാർ എന്നു വിളിച്ചു തുടങ്ങിയത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ചുമതലകളിൽ നിന്ന് പല സഖാക്കളും ഒഴിയുന്നുണ്ട്. പ്രകാശ് കാരാട്ടും, വൃന്ദ കാരാട്ടും, മണിക് സർക്കാർ അടക്കം ഒഴിഞ്ഞു. അവർ തുടർന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. സുധാകരൻ സാർ ആലപ്പുഴയിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും ബേബി വ്യക്തമാക്കി.
57 വർഷത്തെ സൗഹൃദമെന്ന്
സുധാകരൻ
ഒരിക്കലും മുറിഞ്ഞു പോകാത്ത 57 വർഷത്തെ സൗഹൃദമാണ് എം.എ ബേബിയുമായുള്ളതെന്ന് ജി.സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥിയായിരിക്കേ,പഠനത്തിലും വായനയിലും ബേബി മുന്നിലായിരുന്നു. ധാരാളം മർദ്ദനം ഏറ്റിട്ടുണ്ട്.
വെല്ലുവിളികൾ അതിജീവിക്കാൻ ബേബിയുടെ പരിചയ സമ്പത്ത് തുണയാകും.വലിയ പ്രതീക്ഷ പ്രവർത്തകരിലും അനുഭാവികളിലും ഉണ്ട്.
ഇ.എം. എസ് വിദ്യാർത്ഥി യുവജന സംഘടനയിലൂടെയല്ല പാർട്ടിയിൽ വന്നതെന്നും അതിനാൽ ഇ.എം.എസുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും സുധാകരൻ പറഞ്ഞു.
പാർട്ടിക്ക് പലസ്ഥലങ്ങളിലും കുറവുകൾ വന്നെങ്കിലും അത് കേരളത്തെ ബാധിച്ചില്ലെന്നും പ്രാപ്തനും അർഹനുമായ ഒരാൾ പ്രധാന സ്ഥാനത്തേക്ക് വന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |