പത്തനംതിട്ട : പാടശേഖരത്തിലെ വെള്ളത്തിൽ മീൻ പിടിക്കാനിറങ്ങവേ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. ഒരാളെ കാണാതായി. ആറൻമുള കോയിപ്പുറം നെല്ലിക്കൽ മാരിപ്പറമ്പിൽ മിഥുൻ (30), കിടങ്ങന്നൂർ ശാങ്ങത്തേത്ത് മുകടിയിൽ രാഹുൽ (29) എന്നിവരാണ് മരിച്ചത്. നെല്ലിക്കൽ മാരിപ്പറമ്പിൽ ദേവനെയാണ് (35) കാണാതായത്.
ഇന്ന് വൈകിട്ട് 6.30നാണ് മഴയത്ത് വെള്ളം നിറഞ്ഞ നെല്ലിക്കൽ തൃക്കണ്ണാപുരം പാടശേഖരത്ത് ഇവർ ഫൈബർ വള്ളത്തിൽ മീൻപിടിക്കാനിറങ്ങിയത്. അതിനിടെ വള്ളം മറിഞ്ഞ് മൂവരും മുങ്ങിത്താഴുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഏഴു മണിയോടെ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്.
അതേസമയം പാലക്കാട്ട് മഴ ശക്തമായി തുടരുന്നതിനിടെ രണ്ടിടത്തായി രണ്ടുപേരെ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായി. ഭാരതപ്പുഴയിൽ മീറ്റ്ന തടയണയ്ക്ക് സമീപം മീൻ പിടിക്കാൻ ഇറങ്ങിയ ഒറ്റപ്പാലം പാലപ്പുറം സ്വദേശി യൂസഫ്, നെന്മാറ അയലൂർ അടിപ്പരണ്ടയിൽ പുഴയിൽ മണ്ണാംകുളമ്പ്, എ.ഉമ്മർ ഫാറൂഖ് (45) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇവർക്കായി തെരച്ചിൽ തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |