
ന്യൂഡൽഹി: മഹാപ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ സഹായം സ്വീകരിക്കാൻ കേരളത്തിന് അനുമതി നിഷേധിച്ച കേന്ദ്രം, മഹാരാഷ്ട്രയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധം. ഇത് ഇരട്ടത്താപ്പാണെന്ന് കേരളം. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്‌ട്രയ്‌ക്ക് മാത്രമായി വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകിയതിൽ കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രതിഷേധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ സംഭാവനകൾ സ്വീകരിക്കാൻ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമാണ് (എഫ്.സി.ആർ.എ) മഹാരാഷ്‌ട്രയ്‌ക്ക് അനുമതി നൽകിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചെയർമാനായി രൂപീകരിച്ച ബോംബെ പബ്ലിക് ട്രസ്റ്റിനാണ് അനുമതി. ഇതോടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമെ എഫ്.സി.ആർ.എ പ്രകാരം രാജ്യത്ത് വിദേശ സഹായം സ്വീകരിക്കാൻ കഴിയുന്ന ഏക സംസ്ഥാനമായി മഹാരാഷ്‌ട്ര മാറി.
2018ലെ പ്രളയ സമയത്ത് കേരളത്തിന് യു.എ.ഇ 700 കോടി രൂപ വാഗ്‌ദാനം ചെയ്‌തപ്പോൾ കേന്ദ്രം തടഞ്ഞിരുന്നു. ഖത്തർ, മാലിദ്വീപ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കേരളത്തിന് സഹായ വാഗ്‌ദാനമുണ്ടായിരുന്നു. പ്രളയ ദുരന്തത്തെ രാജ്യം ഒറ്റയ്‌ക്ക് നേരിടുമെന്നും വിദേശ രാജ്യങ്ങളുടെ മുന്നിൽ കൈനീട്ടുന്നത് നാണക്കേടെന്നുമായിരുന്നു അന്ന് കേന്ദ്രസർക്കാർ നൽകിയ വിശദീകരണം.
സംസ്‌കാര ശൂന്യത:
എം.എ.ബേബി
കേരളത്തിന് മുൻപ് നിഷേധിച്ച അനുമതി മഹാരാഷ്‌ട്ര സർക്കാരിന് നൽകിയ കേന്ദ്ര നടപടി സംസ്‌കാര ശൂന്യതയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. കേരളത്തോടും ബി.ജെ.പി ഇതര സംസ്ഥാനങ്ങളോടും കേന്ദ്രസർക്കാർ കാട്ടുന്ന വിവേചനം ആദ്യമായല്ലെന്നും കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളോടുള്ള സമീപനത്തിൽ കേന്ദ്രസർക്കാർ വിവേചനം കാണിക്കാൻ പാടില്ലെന്നും കേരളത്തോടുള്ള അവഗണന അംഗീകരിക്കാൻ കഴിയില്ലെന്നും സി.പി.ഐ രാജ്യസഭാ നേതാവ് പി.സന്തോഷ് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |