ആലപ്പുഴ: പുതിയ അദ്ധ്യയന വർഷം ആദ്യ ആഴ്ച പിന്നിടുമ്പോഴും, കുട്ടനാട്ടിലെ വിദ്യാലയങ്ങൾക്ക് ഇന്നലെ വരെ അവധിയായിരുന്നു. വീടുകളിൽ മുട്ടോളം പൊക്കത്തിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ, ക്യാമ്പുകളിലും, ബന്ധുവീടുകളിലും അഭയം തേടിയവർ തിരികെയെത്തുന്നു. പ്രളയത്തിലും മുങ്ങില്ലെന്ന പ്രഖ്യാപനത്തോടെ 800 കോടി മുടക്കി നവീകരണം അവസാനഘട്ടത്തിലെത്തിയ എ.സി റോഡും മഴയിൽ മുങ്ങി.
ഓരോ പെരുമഴക്കാലത്തിനുമിപ്പുറവും കോടികളുടെ കണക്കും എങ്ങുമെത്താത്ത പദ്ധതികളും മാത്രമാണ് കുട്ടനാടൻ പുനർനിർമ്മാണം. തോട്ടപ്പള്ളി പൊഴി സമയബന്ധിതമായി തുറക്കാത്തതാണ് ഇത്തവണത്തെ വെള്ളപ്പൊക്കത്തിന് കാരണമെന്ന ആരോപണം ശക്തമാണ്. കൈനകരിയിലെ ആറ് പങ്ക്, ചെറുകായൽ, പരിത്തിവിളവ് പ്രദേശങ്ങളിൽ മടവീഴ്ചയെ തുടർന്ന് നിരവധി വീടുകളാണ് വെള്ളത്തിലായത്. ഇവിടെ മട തടഞ്ഞ് വെള്ളം വറ്റിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. വീടുകളിൽ ആഹാരം പാകം ചെയ്യാൻ സാധിക്കും വിധം വെള്ളമിറങ്ങുന്നത് വരെ കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങളുടെ പ്രവർത്തനം തുടരണമെന്നാവശ്യപ്പെട്ട് തോമസ് കെ.തോമസ് എം.എൽ.എ റവന്യൂ - സിവിൽ സപ്ലൈസ് മന്ത്രിമാർക്ക് നിവേദനം നൽകി.
വാഗ്ദാന ലംഘനങ്ങളുടെ
ഘോഷയാത്ര
രണ്ട് ബഡ്ജറ്റുകളിലായി മുൻ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച 3400 കോടിയുടെ പാക്കേജ്, പ്രളയപ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിത്വാശാസനിധിയിൽ നിന്ന് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിൽ ഷെൽട്ടർ ഹോമുകൾ, എ.സി കനാലിലെ നീരൊഴുക്ക് സുഗമമാക്കാൻ പാലങ്ങളുടെയും കലുങ്കുകളുടെയും ഉയരം കൂട്ടി പുനർനിർമാണം, പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ കുട്ടനാട്ടിലെ മുഴുവൻ പൊതുസ്ഥാപനങ്ങളുടെയും പുനർനിർമ്മാണം, തോടുകളിൽ നിന്ന് വാരുന്ന ചെളി ഉപയോഗപ്പെടുത്തി പുറം ബണ്ട് ബലപ്പെടുത്താൻ കിഫ്‌ബി മുഖേനയുള്ള പദ്ധതി എന്നിങ്ങനെ നീളുകയാണ് വാഗ്ദാന ലംഘനങ്ങൾ. തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിംഗ് ചാനലിൽ അടിഞ്ഞു കൂടുന്ന എക്കലും ചെളിയും നീക്കം ചെയ്യുമ്പോൾ ലഭിക്കുന്ന മണ്ണുപയോഗിച്ച് പാടശേഖരങ്ങളുടെ ബണ്ടുകളെ ബലപ്പെടുത്തുകയും വീതി കൂട്ടുകയും വേണമെന്ന നിർദ്ദേശം സ്വാമിനാഥൻ കമ്മീഷൻ മുന്നോട്ട് വച്ചെങ്കിലും പ്രാവർത്തികമായിട്ടില്ല.
2020ലെ ബഡ്ജറ്റിൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി നീക്കി വച്ച 74 കോടി രൂപ എവിടെ ചെലവഴിച്ചെന്നാണ് ജനങ്ങളുടെ ചോദ്യം.കുട്ടനാട് വികസന അതോറിട്ടി രൂപീകരിക്കണമെന്ന ആവശ്യവും സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ല. വെള്ളപ്പൊക്കം തടയാൻ ഡച്ച് മാതൃകയിൽ 'റൂം ഫോർ റിവർ' പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് വർഷം ആറ് കഴിഞ്ഞു.
മറ്റാവശ്യങ്ങൾ
#പമ്പയിലെയും ലീഡിംഗ് ചാനലിലെയും ജലനിരപ്പ് അടിസ്ഥാനപ്പെടുത്തി തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ സിസ്റ്റം കമ്പ്യൂട്ടർവത്‌കൃതമാക്കണം
#കുട്ടനാടിനായി കാർഷിക കലണ്ടർ വേണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |