കൊച്ചി: മനുഷ്യക്കടത്തിന് ഇരയായി മലേഷ്യയിൽ വീട്ടുജോലിക്കിടെ പൊള്ളലേറ്റ് അബോധാവസ്ഥയിൽ നാട്ടിലെത്തിച്ച വീട്ടമ്മയുടെ തുടർചികിത്സ പ്രതിസന്ധിയിൽ. കട്ടപ്പന വെള്ളയാംകുടി കരിമാലൂർ വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ മിനിയാണ് (54) ശ്വാസതടസമുൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്. വിദഗ്‌ദ്ധ ചികിത്സ ഉറപ്പാക്കുമെന്ന സർക്കാർ വാഗ്ദാനവും പാഴായി.
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിൽ മിനി ബോധം വീണ്ടെടുത്തിരുന്നു. ഇപ്പോൾ കട്ടപ്പനയിലെ വീട്ടിലാണ് മിനി. കുടുംബത്തിന്റെ കടം തീർക്കാനാണ് വിദേശത്തേക്ക് പോയത്. ജോലിക്ക് കയറിയതിന്റെ രണ്ടാം ദിവസമാണ് പൊള്ളലേറ്റത്. ഗ്യാസ് സിലിണ്ടർ ചോർച്ചയാണ് അപകടമുണ്ടാക്കിയത്.
മാർച്ച് എട്ടിന് പൊള്ളലേറ്റ മിനി മേയ് 23 വരെ മലേഷ്യയിലെ ആശുപത്രിയിലായിരുന്നു. വീട്ടുടമയും ഏജന്റും അപകടവിവരം മറച്ചുവച്ചു. മിനിയെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് മലേഷ്യയിലുള്ള സഹോദരി ജയന്തി നടത്തിയ അന്വേഷണത്തിലാണ് അപകട വിവരമറിഞ്ഞത്. ഇവരുടെ പരാതിയിൽ നോർക്കയും മലയാളി അസോസിയേഷനും ഇടപെട്ടു. മേയ് 23നാണ് മിനിയെ എയർ ആംബുലൻസിൽ നാട്ടിലെത്തിച്ചത്. മിനിക്കൊപ്പം തട്ടിപ്പിനിരയായി മലേഷ്യയിലെത്തിയ മറ്റ് രണ്ടു സ്ത്രീകൾ പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഏജന്റിന് കമ്മിഷൻ 25000 രൂപ
കുമളി മുരുക്കടി സ്വദേശി ആലീസ്, മലേഷ്യയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശി വിചിത്ര എന്നിവരാണ് മനുഷ്യക്കടത്ത് നടത്തുന്നത്. വിസയും വിമാനടിക്കറ്റുമുൾപ്പെടെ 60,000 രൂപയാണ് ഈടാക്കും. ആലീസിന് 25,000 രൂപ കമ്മിഷൻ ലഭിക്കും. രണ്ട് ലക്ഷം രൂപയ്‌ക്കാണ് തൊഴിൽ ഉടമയ്‌ക്ക് വിചിത്ര സ്ത്രീകളെ കൈമാറുന്നത്. തൃച്ചി വിമാനത്താവളം വഴിയാണ് മനുഷ്യക്കടത്ത്. ഇവരുടെ തട്ടിപ്പിനിരയായ 40ലേറെ സ്ത്രീകൾ ടൂറിസ്റ്റ് വിസയിൽ മലേഷ്യയിലുണ്ടെന്നാണ് വിവരം. എന്നാൽ ആരും പരാതിപ്പെടാറില്ല. ഇതുകാരണം നിരവധിപ്പേർ വീണ്ടും തട്ടിപ്പിനിരയാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |