തിരുവനന്തപുരം: സെപ്തംബർ 20ന് നടക്കുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ നാടകമാണെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തിരഞ്ഞെടുപ്പിൽ ഹിന്ദുവോട്ടുകിട്ടാനാണോ അയ്യപ്പസംഗമം നടത്തുന്നതെന്ന് ചോദിച്ച അദ്ദേഹം മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്കും രാജീവ് ചന്ദ്രശേഖർ മറുപടി പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ
എനിക്ക് കേരളത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഞാൻ ഒരു രാഷ്ട്രീയ വിദ്വാൻ ആണെന്ന് പറഞ്ഞിട്ടില്ല. ശബരിമലയിൽ പതിനെട്ടുപടി ചവിട്ടിയിട്ടുണ്ട്. ശബരിമലയെക്കുറിച്ച് അത്യാവശ്യം വിവരവുമുണ്ട്. കാറൽ മാർക്‌സിനെ വായിച്ച മുഖ്യമന്ത്രിയെപ്പോലൊരു വിദ്വാൻ ആവാൻ താൽപ്പര്യമില്ല. അയ്യപ്പസംഗമം രാഷ്ട്രീയമായി കാണരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് ജനങ്ങളെ വിഡ്ഢിയാക്കാനാണ്. രാഷ്ട്രീയ പരിപാടിയല്ലെങ്കിൽ മുഖ്യമന്ത്രിയാണോ സംഗമത്തെക്കുറിച്ച് പറയേണ്ടത്. ദേവസ്വം ബോർഡ് ചെയർമാനല്ലേ? ഹിന്ദുവോട്ട് നേടാൻ തിരഞ്ഞെടുപ്പിന് മുമ്പുനടത്തുന്ന നാടകമാണിത്.
സംഗമത്തിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചതെന്തിനാണ്. അദ്ദേഹം എന്നാണ് അയ്യപ്പഭക്തനായത്?. ഹിന്ദുക്കൾ വൈറസാണെന്ന് പറഞ്ഞ ഡിഎംകെയിലെ സ്റ്റാലിനും അയ്യപ്പഭക്തരെ ദ്രോഹിച്ച സിപിഎം മുഖ്യമന്ത്രിയും അയ്യപ്പസംഗമത്തിന് എത്തരുത്. മുഖ്യമന്ത്രി നാസ്തികനാണ്. അദ്ദേഹം ആരാധനയെക്കുറിച്ച് പറയുമ്പോൾ ആര് വിശ്വസിക്കും. വിശ്വാസി അല്ലാത്ത മുഖ്യമന്ത്രിയാണോ പരിപാടി നടത്തേണ്ടത്?.മുസ്ലീം സമുദായത്തിന്എതിരെ ആരെങ്കിലും പറഞ്ഞാൽ മുസ്ലീങ്ങൾക്കായുള്ള പരിപാടിയിൽ അവരെ വിളിക്കുമോ?.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |