മൂവാറ്റുപുഴ: കെഎസ്ആർടിസി ബസിൽ 'ജെൻ സി'യുടെ അതിരുവിട്ട ഓണാഘോഷം. മൂവാറ്റുപുഴ ഇലാഹിയ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി വാടകയ്‌ക്കെടുത്ത കെ എസ് ആർ ടി സി ബസിൽ അപകടയാത്ര നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമൊക്കെയായിരുന്നു പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ യാത്ര. ബസിന് മുന്നിലും പിന്നിലുമായി എസ്‌യുവികൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളും ഉണ്ടായിരുന്നു. ഇവയിലും അപകടകരമായ രീതിയിലായിരുന്നു വിദ്യാർത്ഥികളുടെ യാത്രചെയ്തിരുന്നത്. ഇടയ്ക്ക് ബസ് നിറുത്തി പെൺകുട്ടികൾ ഉൾപ്പെടെ പുറത്തിറങ്ങി നൃത്തം ചെയ്യുന്നതും തല പുറത്തേക്കിട്ട് ആർപ്പുവിളിക്കുന്നതും വീഡിയോയിൽ കാണാം.
ഇടുങ്ങിയ റോഡിലൂടെ പോകുന്ന ബസിന്റെ തുറന്നിട്ട വാതിലിൽ നിൽക്കുന്ന വിദ്യാർത്ഥികളും ജനാലകളിൽ ഇരിക്കുന്ന വിദ്യാർത്ഥികളും തല പുറത്തേക്കിടുന്നുണ്ട്. എതിൽ ദിശയിൽ നിന്ന് നിരവധി വാഹനങ്ങളും വരുന്നുണ്ട്. മാത്രമല്ല വഴിവക്കിൽ ഇലക്ട്രിക് പോസ്റ്റുകളുമുണ്ടായിരുന്നു. പക്ഷേ, ഭാഗ്യത്തിന് അപകടങ്ങൾ ഒന്നും ഉണ്ടായില്ല. വാതിൽ അടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ ബസ് മുന്നോട്ടെടുക്കാവൂ എന്നാണ് നിയമം. യാത്രക്കാർ കൈയും തലയും പുറത്തിടുന്നതിനും വിലക്കുണ്ട്. എന്നാൽ ഇവിടെ യാത്രയിലുടനീളം ഈ നിയമങ്ങളെല്ലാം ലംഘിക്കപ്പെടുകയും ചെയ്തു. വാഹനങ്ങളുടെ ഡോറുകളിൽ ഇരുന്നുള്ള യാത്രയും നിയമ ലംഘനമാണ്. ഇതും അധികൃതർ കണ്ടില്ല.ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |