പത്തനംതിട്ട: ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന വള്ളസദ്യയിൽ ഗുരുതരമായ ആചാരലംഘനം നടന്നെന്നും പ്രായശ്ചിത്തം ചെയ്യണമെന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് അറിയിച്ചു. അഷ്ടമിരോഹിണി ദിവസമായ സെപ്തംബർ 14നാണ് ആചാരലംഘനം നടന്നത്. പരിഹാര ക്രിയകൾ നിശ്ചയിച്ച് ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് തന്ത്രി കത്ത് നൽകി. അഷ്ടമിരോഹിണി വള്ളസദ്യ ദേവന് നേദിക്കുന്നതിനുമുമ്പ്, വള്ളസദ്യ ഉദ്ഘാടനം ചെയ്ത ദേവസ്വം മന്ത്രി വി.എൻ. വാസവനും കൂടെയുണ്ടായിരുന്നവർക്കും സംഘാടകർ വിളമ്പി. ഇതാണ് ആചാര ലംഘനമായത്. ആ സമയം ക്ഷേത്രത്തിലുണ്ടായിരുന്നവർ ഇത് ആചാര ലംഘനമാണെന്ന് പറഞ്ഞെങ്കിലും പള്ളിയോട സേവാസംഘം ചെവിക്കൊണ്ടില്ല.
ആചാരലംഘനം ചൂണ്ടിക്കാട്ടി തന്ത്രി കഴിഞ്ഞ ഞായറാഴ്ച ദേവസ്വം ബോർഡിന് കത്ത് നൽകിയതോടെ വിവാദം കനത്തു. ദേവസ്വം മന്ത്രിക്കൊപ്പം സി.പി.എം ജില്ല സെക്രട്ടറി രാജു ഏബ്രഹാം, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ തുടങ്ങിയവരും സദ്യയുണ്ടു. ദേവന് സദ്യ നേദിക്കേണ്ടത് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു. മന്ത്രിയും കൂട്ടരും 11 മണിയോടെ സദ്യ കഴിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, കമ്മിഷണർ, പള്ളിയോട സേവാസംഘം, ആറൻമുള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ക്ഷേത്രം ഉപദേശക സമിതി എന്നിവർക്കാണ് തന്ത്രി കത്തുനൽകിയത്. ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവുമാണ് പ്രായശ്ചിത്തം ചെയ്യേണ്ടത്. പ്രായശ്ചിത്തം ചെയ്യേണ്ടവരുടെ പേരുകൾ പറഞ്ഞിട്ടില്ല.
എണ്ണാപ്പണവും 11 പറ സദ്യയും
ദേവന് മുന്നിൽ ഉരുളിവച്ച് എണ്ണാപ്പണം സമർപ്പിക്കണം (സമ്പാദ്യത്തിലെ ഒരു വിഹിതമാണ് എണ്ണാതെ സമർപ്പിക്കേണ്ടത്. നാണയങ്ങളോ നോട്ടുകളോ ആകാം). വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തി മൂന്ന് പ്രദക്ഷിണം വച്ച ശേഷമാണ് സമർപ്പിക്കേണ്ടത്. ഉചിതമായ ദിവസം 11 പറ അരിയുടെ സദ്യ ഊട്ടുപുരയിൽ നടത്തണം. വള്ളസദ്യ ദിവസത്തെ എല്ലാ വിഭവങ്ങളും ഉണ്ടാകണം. തിടപ്പള്ളിയിൽ ഒരു പറ അരിയുടെ നേദ്യവും ആനുപാതിക അളവിൽ നാല് കറികളുടെ നിവേദ്യവും സമർപ്പിക്കണം. ആനക്കൊട്ടിലിലും മറ്റുഭാഗങ്ങളിലും ഉള്ളവർക്കും സദ്യ നൽകണം.
ഭഗവാന് നേദിക്കും മുമ്പ് പുറത്ത് വള്ളസദ്യ നടന്നതിൽ ആചാര ലംഘനമുണ്ടായിട്ടുണ്ടോ എന്ന് ദേവസ്വം ബോർഡ് കത്തിലൂടെ ചോദിച്ചിരുന്നു. പരാതിയെ തുടർന്നാണ് അവർ കത്ത് നൽകിയതെന്ന് അറിയുന്നു. .
തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്
വള്ളസദ്യ ഉദ്ഘാടനം ചെയ്ത മന്ത്രിയോട് സദ്യ കഴിച്ചിട്ടുപോയാൽ മതിയെന്ന് നിർബന്ധിച്ചത് സംഘാടകരായ പള്ളിയോട സേവാ സംഘമാണ്. ദേവസ്വം ബോർഡ് അംഗങ്ങൾ ആരും അവിടെ പോയിട്ടില്ല.
പി. എസ്. പ്രശാന്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |