കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്ര സ്വർണം തട്ടിയ സംഭവം പുറത്തുവന്നതിന് പിന്നാലെ കൂടുതൽ ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ പുറത്ത്. ക്ഷേത്ര സ്വത്തുക്കൾ തട്ടിയെടുത്ത മൂന്ന് എക്സിക്യൂട്ടീവ് ഓഫീസർമാർക്കെതിരെ ബോർഡ് അടുത്ത കാലത്ത് നടപടിയെടുത്തിട്ടുണ്ട്.
രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പല സംഭവങ്ങളിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് വിവരം. ഒരു എക്സിക്യുട്ടീവ് ഓഫീസറുടെ അനാസ്ഥ കാരണം വട്ടോളി ശിവ പാർവതി ക്ഷേത്രത്തിലെ 10 ഏക്കർ ഭൂമി നഷ്ടമായി. ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു.
കോട്ട പരദേവതാ ക്ഷേത്രത്തിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദൻ 60 പവന്റെ ക്രമക്കേടാണ് നടത്തിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു പറഞ്ഞു. പ്രശ്നമായതോടെ 40 പവനോളം തിരിച്ചേൽപ്പിച്ചു. ക്രിമിനൽ കേസ് കൊടുത്തിട്ടുണ്ട്. വിനോദന് ചുമതലയുണ്ടായിരുന്ന 10 ക്ഷേത്രങ്ങളിൽ രണ്ടിടത്തെ കണക്കുകൾ മാത്രമാണ് കൃത്യമായി നൽകിയത്.
മലബാർ ദേവസ്വം ബോർഡിൽ പാരമ്പര്യ ട്രസ്റ്റിമാരുടെ ഭരണമാണ്. ബോർഡിന് ഇടപെടാൻ പരിമിതികളുണ്ട്. നടപടികളുണ്ടാകുമ്പോൾ സംരക്ഷിക്കാൻ യൂണിയനുകളും ഇറങ്ങും
-ഒ.കെ. വാസു,
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്
വൈക്കം മഹാദേവന്റെ
കാൽക്കിലോ
സ്വർണവും പോയി
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. 2020–21ലെ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചു. സമർപ്പിക്കും വരെ ഇക്കാര്യത്തിലുള്ള വിശദീകരണം ദേവസ്വം ബോർഡ് നൽകിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
സ്ട്രോംഗ് റൂമിൽ 199 സ്വർണ ഉരുപ്പടികൾ അടങ്ങിയ ഒരു പൊതിയും വെള്ളി ഇനങ്ങളുടെ മറ്റൊരു പൊതിയും ഉണ്ടായിരുന്നു. രണ്ട് പൊതികളിലുമായി ആകെ 2992.070 ഗ്രാം തൂക്കം ഉണ്ടെന്നാണു പൊതുവായി എഴുതിയിരുന്നത്.
എന്നാൽ, തിരുവാഭരണം രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നതു പ്രകാരം 199 ഉരുപ്പടികളിലായി മാത്രം 3247.900 ഗ്രാം സ്വർണം ഉണ്ടായിരിക്കണം. പരിശോധനയിൽ 2992.070 ഗ്രാം സ്വർണം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. സംഭവത്തിൽ തുടർ നടപടി ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |