തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയതിലെ അന്വേഷണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം തെറ്റായ വിവരം നൽകിയതിന് ഡി.വൈ.എസ്.പി എം.എസ്. സന്തോഷിനെ സർക്കാർ താക്കീത് ചെയ്തു. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്ര് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻ.ആർ.ഐ സെൽ ഡി.വൈ.എസ്.പിയുമായിരുന്ന സന്തോഷിനെ ഇക്കാരണത്താൽ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന വിഷയങ്ങളിൽ വിവരാവകാശ മറുപടി നൽകുമ്പോൾ ജാഗ്രത പുലർത്തണമായിരുന്നെന്നാണ് സർക്കാർ വിലയിരുത്തിയത്.
തൃശൂർ പൂരം അലങ്കോലമാക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്നത് സംബന്ധിച്ച വിവരം പൊലീസ് ആസ്ഥാനത്ത് ലഭ്യമല്ലെന്നായിരുന്നു സന്തോഷ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയത്. പൊലീസ് മേധാവി അന്വേഷിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. വേണ്ടത്ര പരിശോധനയോ അവധാനതയോ ഇല്ലാതെ മറുപടി നൽകിയതിലൂടെ തൃശൂർ പൂരം സംബന്ധിച്ച അന്വേഷണം നടക്കുന്നില്ലെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിൽ പടരാനിടയാക്കിയെന്നും അനാവശ്യ വിവാദത്തിന് വഴിവച്ചെന്നും കണ്ടെത്തിയായിരുന്നു സസ്പെൻഷൻ. മുഖ്യമന്ത്രിയാണ് സസ്പെൻഷന് നിർദ്ദേശിച്ചത്. മാർച്ചിൽ അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |