
തിരുവനന്തപുരം: പാർട്ടി തലത്തിൽ ചർച്ച ചെയ്യാതെ
വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി
ഗവർണറുമായി സമവായത്തിലെത്തിയതാണ് സി.പി.എം സെക്രട്ടറിയേറ്റിൽ അതൃപ്തി പുകയാൻ കാരണമെന്ന് സൂചന. കേന്ദ്രത്തിന്റെ
പി.എം ശ്രീ പദ്ധതിയിലും ഒപ്പുവച്ചുകഴിഞ്ഞാണ് മറ്റ് നേതാക്കൾ അറിഞ്ഞത്. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഒഴിഞ്ഞിട്ടില്ല.എന്നിട്ടും പാർട്ടിയിൽ കൂട്ടായി ആലോചിക്കാതെ
മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതാണ് അസംതൃപ്തിക്കിടയാക്കിയത്. എന്നാൽ മുഖ്യമന്ത്രി വിശദീകരിച്ചതോടെ പിന്നീട് മറ്റാരും പ്രതികരിക്കാൻ മുന്നോട്ടുവന്നില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ജനറൽ സെക്രട്ടറി എം.എ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സെക്രട്ടറിയേറ്റിലായിരുന്നു ഇത്.
27ന് കൂടുന്ന സെക്രട്ടേറിയറ്റ് യോഗത്തിലും 28 നും 29 നും ചേരുന്ന സംസ്ഥാന സമിതിയിലും വിഷയം ചർച്ചയാകാനിടയുണ്ട്.
അതെസമയം സർക്കാർ കാര്യമെന്നാണ് ഇതെക്കുറിച്ച് എൽ.ഡി.എഫ് കൺവീനർ ഇന്നലെ പ്രതികരിച്ചത്.
സി.പി.ഐയാകട്ടെ, ഗവർണറുമായുള്ള സമവായം കേന്ദ്രസർക്കാരുമായുള്ള സമവായമാണെന്ന വിലയിരുത്തലിലാണ്.
പി.എം ശ്രീ പദ്ധതിക്ക് പിന്നാലെ ഗവർണറുമായി സമവായത്തിലെത്തിയത് കീഴടങ്ങലാണെന്ന നിലപാടിലാണ് സി.പി.ഐ. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് പരസ്യ പ്രതികരണം വേണ്ടെന്ന് തീരുമാനിച്ചത്. ജനുവരി ആദ്യആഴ്ച കുടുന്ന ഇടതുമുന്നണി യോഗത്തിൽ അഭിപ്രായം വ്യക്തമാക്കും. ശക്തമായ ഭരണ വിരുദ്ധവികാരമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായതെന്ന് സി.പി.ഐയുടെ ജില്ലാ എക്സിക്യൂട്ടീവ് യോഗങ്ങളിൽ വിമർശനം ഉയർന്നിരുന്നു.
ഗവർണർക്കെതിരെ സമരം ചെയ്ത ഇടത് വിദ്യാർത്ഥി യുവജന സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.
വൻപോരിനൊടുവിലെ സമവായത്തിന് പിന്നിൽ അന്തർധാരയെന്നാണ് കോൺഗ്രസ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |