കൊച്ചി: പുത്തൻകുരിശ് പഴന്തോട്ടം കേന്ദ്രമായ സുഗന്ധവ്യഞ്ജന സ്ഥാപനയുടമ നടത്തിയ 120 കോടി രൂപയുടെ വായ്പാ തട്ടിപ്പിൽ ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ മുൻ മാനേജർമാർ നിരീക്ഷണത്തിൽ. കോടതി നിർദ്ദേശപ്രകാരം വായ്പാ തട്ടിപ്പിന് പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുഗന്ധവ്യഞ്ജന സ്ഥാപനങ്ങളുടെ ഉടമയ്ക്കൊപ്പം ബാങ്കിന്റെ കൊച്ചി മേഖലയുടെ മുൻ മാനേജരെയും പ്രതി ചേർത്തു.
സിബിൽ സ്കോർ കുറവുള്ള വസ്തു ഉടമകളാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും. സുഗന്ധവ്യഞ്ജന സ്ഥാപനത്തിന്റെ പ്രതിനിധികൾ ഇവരെ സമീപിച്ച് ബാങ്കിൽ നിന്ന് വലിയ തുകയ്ക്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് ആധാരം കൈക്കലാക്കും. വ്യാജരേഖകൾ ചമച്ച് സ്വന്തം പേരിലേക്ക് വായ്പ തരപ്പെടുത്തുകയാണ് പതിവ്. ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ കാക്കനാട് ശാഖയിൽ നിന്ന് വ്യാജ ഗ്യാരണ്ടി കരാർ നൽകി 30 കോടി രൂപ തട്ടിയെടുത്തതിന് പുത്തൻകുരിശ് പൊലീസ് കേസെടുത്തതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞ് തുടങ്ങിയത്.
വസ്തു ഉടമ കോലഞ്ചേരി പെരിങ്ങോൾ ചെന്നക്കാട്ട് മലയിൽ വീട്ടിൽ എൽദോ പോളിന്റെ സ്വകാര്യ അന്യായത്തിൽ കോലഞ്ചേരി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ബാങ്കിന്റെ കാക്കനാട് ശാഖയിൽ നിന്ന് ഒരു കോടി രൂപ വായ്പ തരപ്പെടുത്തി നൽകുമെന്ന് വിശ്വസിപ്പിച്ച് എൽദോയിൽ നിന്ന് മുദ്രപ്പത്രവും ബ്ലാങ്ക് ചെക്കും കൈവശപ്പെടുത്തിയ ശേഷം വ്യാജ കരാർ ചമച്ച് 30 കോടി രൂപയാണ് തരപ്പെടുത്തിയത്.
ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് ലിമിറ്റഡിന്റെ ചളിക്കവട്ടം ശാഖയിൽ വ്യാജപ്രമാണം ഹാജരാക്കി 5.12 കോടി രൂപ വായ്പയെടുത്തെന്ന പരാതിയിൽ സുഗന്ധവ്യഞ്ജന സ്ഥാപനത്തിന്റെ ഉടമയും കുടുംബാംഗങ്ങളും ഉൾപ്പെടെ നാല് പേർക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത് ജനുവരിയിലാണ്. പാലാരിവട്ടം പരിധിയിലുള്ള ആർ.ബി.എൽ ബാങ്കിൽ നിന്ന് വ്യാജ രേഖയുടെ സഹായത്തോടെ 30 കോടി രൂപ തട്ടിയെടുത്തതിന് മറ്റൊരു കേസും നിലവിലുണ്ട്.
തട്ടിപ്പ് ബാങ്ക് അധികൃതരുടെ അറിവോടെ
സുഗന്ധവ്യഞ്ജന സ്ഥാപനത്തിന്റെ വായ്പാ തട്ടിപ്പ് ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ കൊച്ചി മേഖലയിലെ ചില ഉന്നതരുടെ സഹായം ലഭിച്ചതായി പൊലീസ് സംശയിക്കുന്നു. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിലും ഇതേപ്പറ്റി പറയുന്നുണ്ട്. ഒരേബാങ്കിന്റെ വിവിധ ശാഖകളിൽ നിന്നാണ് 120 കോടി രൂപയുടെ വായ്പ തരപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |