
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതികളെ അതീവ സുരക്ഷാവലയത്തിലുള്ള കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് മുന്നിലെത്തിച്ച എം.പിമാരായ അടൂർ പ്രകാശിനും ആന്റോ ആന്റണിക്കും പ്രതികളുമായി എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും സ്വർണം വാങ്ങിയ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനുംസോണിയയുമായി നിൽക്കുന്ന ചിത്രം പുറത്തായിട്ടുണ്ട്. ഒരു ചിത്രത്തിൽ ഗോവർധനിൽ നിന്ന് സോണിയ ഉപഹാരം സ്വീകരിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയയുടെ കൈയിൽ എന്തോ കെട്ടികൊടുക്കുന്നതാണ് രണ്ടാമത്തെ ചിത്രം.
ആന്റോ ആന്റണിയും അടൂർ പ്രകാശും ഒപ്പമുണ്ട്.
രാജ്യത്തെ തന്ത്രപ്രധാന സുരക്ഷയുള്ളവരിലൊരാളാണ് സോണിയാ ഗാന്ധി. അവരുടെ അപ്പോയിന്റ്മെന്റ് ലഭിക്കാനുള്ള കാലതാമസത്തെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ പരാതി പറഞ്ഞിട്ടുണ്ട്. ലീഡർ കെ.കരുണാകരൻ 2003ൽ അപ്പോയിന്റ്മെന്റ് ലഭിക്കാതെ കേരളാ ഹൗസിൽ താമസിക്കേണ്ടി വന്നതും നീരസം പരസ്യമാക്കിയതും ചരിത്രം. അസാം മുഖ്യമന്ത്രിയും അരുണാചലിലെ കോൺഗ്രസ് നേതാക്കളും സോണിയയെ കാണാനാകാതെ ബി.ജെ.പിയിൽ ചേർന്നിരുന്നു. കോൺഗ്രസ് നേതാക്കൾക്ക് പോലും ലഭിക്കാത്ത അപ്പോയിന്റ്മെന്റ് സ്വർണക്കേസ് പ്രതികൾക്ക് എങ്ങനെ ലഭിച്ചുവെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കണം.
കേസുമായി ബന്ധമുള്ള നിരവധി പേർ കോൺഗ്രസ് ബാന്ധവമുള്ളവരാണ്. ആരുടെയും പേര് ഞങ്ങൾ ഇതുവരെ പറഞ്ഞിട്ടില്ല, കുറ്റവാളിയാണെങ്കിൽ അന്വേഷണ സംഘം കണ്ടെത്തട്ടെ. നിയമനടപടി സ്വീകരിക്കട്ടെ. രാഷ്ട്രീയ ലാഭത്തിനായി പലതരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. എന്റെ പേരും ഉപയോഗിക്കുന്നുണ്ടാകും. സെക്രട്ടറിയേറ്റിന് മുന്നിലുള്ള പോർട്ടിക്കോയിൽ വച്ചായിരുന്നു ശബരിമലയ്ക്കുള്ള ആംബുലൻസിന്റെ ഉദ്ഘാടനം നടന്നത്. ആൾക്കൂട്ടത്തിൽ പോറ്റിയുണ്ടായിരുന്നുയെന്നും എന്റെ അടുത്തായിരുന്നുയെന്നും പറഞ്ഞാണ് പ്രചാരണം. അതുപോലെ അല്ലല്ലൊ ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |