
കോഴിക്കോട്: ചരിത്രത്തിലാദ്യമായി യു.ഡി.എഫ് അധികാരത്തിലെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റായി അധികാരമേറ്റ് മില്ലി മോഹൻ കൊട്ടാരത്തിൽ. സി.പി.എമ്മിലെ ശാരുതിയ്ക്കെതിരെ 15 വോട്ടുകൾ മില്ലി നേടി. കോടഞ്ചേരി ഡിവിഷൻ അംഗമാണ്. മില്ലി മഹിളാ കോൺഗ്രസ് സംസ്ഥാന അഡ്വൈസറി കമ്മിറ്റി മെമ്പറും തിരുവമ്പാടി വനിത സഹകരണ സംഘം പ്രസിഡന്റ് മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമാണ്. 2005-2010 കാലയളവിൽ ജില്ലാ പഞ്ചായത്ത് അംഗം,തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. ഭർത്താവ്:മോഹൻ കെ. ജോസ് (താമരശ്ശേരി ബാറിലെ അഭിഭാഷകൻ), മക്കൾ:മിറാൻഡ,മിലാന. നാദാപുരം ഡിവിഷനിലെ മുസ്ലിം ലീഗ് അംഗം കെ.കെ. നവാസിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
കൊല്ലത്ത് ഡോ. ആർ.ലതാദേവി
മുൻ എം.എൽ.എയും സി.പി.ഐ സംസ്ഥാന എക്സിക്യുട്ടിവ് അംഗവുമായ ഡോ. ആർ.ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രി ജി.ആർ.അനിലിന്റെ ഭാര്യയാണ്. ആദ്യ രണ്ടുവർഷം പ്രസിഡന്റ് സ്ഥാനം സി.പി.ഐയ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനുമാണ്. വൈസ് പ്രസിഡന്റായി ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ എസ്.ആർ.അരുൺബാബു തിരഞ്ഞെടുക്കപ്പെട്ടു. ചടയമംഗലം ഡിവിഷൻ പ്രതിനിധിയാണ് ലതാദേവി. അഡ്വ. എ.എൽ ദേവികയാണ് മകൾ. മരുമകൻ:മേജർ എസ്.പി.വിഷ്ണു.
പാലക്കാട് ടി.എം. ശശി
പല്ലശ്ശന ഡിവിഷനിൽ നിന്ന് കന്നിയങ്കത്തിൽ വിജയിച്ച ടി.എം. ശശി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്നു. പരേതനായ കെ.മായാണ്ടി-ദേവു ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. എൻ. സരിതയാണ് വൈസ് പ്രസിഡന്റ്.
വയനാട്ടിൽ ചന്ദ്രിക കൃഷ്ണൻ
കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചന്ദ്രിക കൃഷ്ണൻ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ്. മുട്ടിൽ കൊളവയൽ സ്വദേശിനിയണ്.ഭർത്താവ് പളളിക്കര കൃഷ്ണൻ. മക്കൾ:സ്മൃതി കൃഷ്ണ,ശ്രുതി കൃഷ്ണ. വൈസ് പ്രസിഡന്റായി എതിരില്ലാതെ മുസ്ലിം ലീഗിലെ ടി.ഹംസയെ തിരഞ്ഞെടുത്തു.
തൃശൂരിൽ മേരി തോമസ്
സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ മേരി തോമസിനെ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. വാഴാനി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ വിജയിച്ച മേരി ഇത് രണ്ടാം തവണയാണ് പ്രസിഡന്റാവുന്നത്. എസ്.ഐ.എഫ്.എല്ലിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്. 1995ൽ തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റും 2005ൽ പ്രസിഡന്റുമായി 2015ൽ ജില്ലാ പ്രസിഡന്റുമായി. ഭർത്താവ് തോമസ്. മക്കൾ:നിർമ്മൽ തോമസ്,വിമൽ തോമസ്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ ടി.കെ.സുധീഷാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുത്തു.
എറണാകുളത്ത്
കെ.ജി. രാധാകൃഷ്ണൻ
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ കെ.ജി. രാധാകൃഷ്ണൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കല്ലൂർക്കാട് സ്വദേശി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.കെ. ഗോവിന്ദൻ,പരേതയായ ലീല എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. മക്കൾ:കെ.ആർ ദേവനന്ദ,ഗൗതം കൃഷ്ണ. സിന്റാ ജേക്കബ്ബാണ് വൈസ് പ്രസിഡന്റ്.
കണ്ണൂരിൽ ബിനോയ് കുര്യൻ
സി.പി.എം ജില്ലാകമ്മിറ്റി അംഗവും മുൻ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. ബിനോയ് കുര്യൻ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി,സംസ്ഥാന വൈസ് പ്രസിഡന്റ്,ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്,സെക്രട്ടറി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ധ്യാപികയായ കെ.ജെ.ബിൻസിയാണ് ഭാര്യ. മക്കൾ:ഡോൺ കുര്യൻ ബിനോയ്,സിയോ ജോൺ ബിനോയ്. പാട്യം ഡിവിഷനിൽ നിന്നുള്ള ടി. ഷബ്നയെ എതിരില്ലാതെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
മലപ്പുറത്ത് ജബ്ബാർ ഹാജി
മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം പി.എ. ജബ്ബാർ ഹാജി എതിരില്ലാതെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു. അരീക്കോട് ഡിവിഷൻ അംഗമാണ്. ഭാര്യ: പി.പി. ഉമയ്യ. മക്കൾ: ജസീല,സഹീദ്. അന്തരിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് നേതാവുമായിരുന്ന എ.പി. ഉണ്ണിക്കൃഷ്ണന്റെ മകൾ അഡ്വ. സ്മിജിയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. താനാളൂർ ഡിവിഷൻ അംഗമാണ്. വൈസ് പ്രസിഡന്റ് സ്ഥാനം ജനറൽ വനിത വിഭാഗത്തിലാണെങ്കിലും എസ്.സി അംഗമായ സ്മിജിയെ ലീഗ് പരിഗണിക്കുകയായിരുന്നു.
സാബു അബ്രഹാം കാസർകോട്
സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗവും സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറിയുമായ സാബു അബ്രഹാം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു. കുറ്റിക്കോൽ ഡിവിഷൻ അംഗവും വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്,സെക്രട്ടറി,ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്,സെക്രട്ടറി,സി.ഐ.ടിയു ജില്ലാ പ്രസിഡന്റ്,സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ:ഷീജ. മക്കൾ:ആസാദ് സാബു,അഥീന സാബു. എ.ഐ.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടീവംഗമായ കെ.കെ സോയയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
ഇടുക്കിയിൽ ഷീലാ സ്റ്റീഫൻ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരളകോൺഗ്രസ്അംഗം പ്രൊഫ. ഷീലാ സ്റ്റീഫൻ മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി കോൺഗ്രസ് അംഗം ടി.എസ്. സിദ്ദിഖും ചുമതലയേറ്റു. ആകെ 17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഷീല സ്റ്റീഫൻ 14 വോട്ടും എതിർ സ്ഥാനാർത്ഥി നെടുങ്കണ്ടം ഡിവിഷനിലെ തിലോത്തമ സോമൻ മൂന്ന് വോട്ടും നേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അടിമാലി ഡിവിഷനിൽ നിന്നുള്ള ടി.എസ്. സിദ്ദിഖ് മൂന്നിനെതിരേ 14 വോട്ടുകൾക്കാണ് വിജയിച്ചത്. എതിർ സ്ഥാനാർത്ഥി ടി.ആർ. ഈശ്വരൻ ആയിരുന്നു.
പത്തനംതിട്ടയിൽ
ദീനാമ്മ റോയി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രമാടം ഡിവിഷനിൽ നിന്നുള്ള യു.ഡി.എഫ് പ്രതിനിധി ദീനാമ്മ റോയിയും വൈസ് പ്രസിഡന്റായി കോഴഞ്ചേരി ഡിവിഷനിലെ യു.ഡി.എഫ് പ്രതിനിധി അനീഷ് വരിക്കണ്ണാമലയും തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ രണ്ട് വർഷമാണ് കാലാവധി. തുടർന്ന് രണ്ടു വർഷം എം. വി അമ്പിളിയും ഒരു വർഷം നീതു മാമ്മൻ കൊണ്ടൂരും പ്രസിഡന്റാകും.കോന്നി ഗ്രാമപഞ്ചായത്തംഗവും വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായിരുന്നു ദീനാമ്മ . മഹിള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന അഡ്വൈസറി കമ്മിറ്റിയംഗം, കോന്നി അഗ്രികൾച്ചർ റൂറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കോന്നി ആഞ്ഞിലികുന്ന് ചുരുളേത്ത് തോപ്പിൽ വീട്ടിൽ പരേതനായ റോയി സി.മാമ്മനാണ് ഭർത്താവ്.
കോട്ടയത്ത് ജോഷി ഫിലിപ്പ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ ജോഷി ഫിലിപ്പും, വൈസ് പ്രസിഡന്റായി ബിന്ദു സെബാസ്റ്റ്യനും തിരഞ്ഞെടുക്കപ്പെട്ടു. വാകത്താനം ഡിവിഷനിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച ജോഷി ഫിലിപ്പ് രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്. കോട്ടയം തോട്ടയ്ക്കാട് ഇരവുചിറ സ്വദേശിയായ ജോഷി 20 വർഷം വാകത്താനം പഞ്ചായത്തംഗവും , എട്ടു വർഷം പ്രസിഡന്റുമായിരുന്നു. നിലവിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയാണ്. യു.ഡി.എഫ് ധാരണയനുസരിച്ച് ആദ്യ നാല് വർഷം ജോഷി തുടരും. അവസാന ഒരു വർഷം കേരള കോൺഗ്രസിനാണ് അദ്ധ്യക്ഷ സ്ഥാനം.
ആലപ്പുഴയിൽ എ. മഹേന്ദ്രൻ
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന,ദേശീയ കൗൺസിൽ അംഗവുമായ എ. മഹേന്ദ്രനെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. നൂറനാട് ഡിവിഷൻ അംഗമാണ്.ചെട്ടികുളങ്ങര മേനാംപള്ളി വല്യയ്യത്തുകിഴക്കതിൽ പരേതനായ അർജുനൻ ആചരിയുടെയും ഭവാനിയമ്മാളുടെയും മകനാണ്. അവിവാഹിതനാണ്. വൈസ് പ്രസിഡന്റായി സി.പി.എമ്മിന്റെ ആര്യാട് ഡിവിഷൻ അംഗം ഷീന സനൽകുമാറിനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |