
ശിവഗിരി: രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്ന് ശശിതരൂർ എം.പി പറഞ്ഞു. തീർത്ഥാടന ലക്ഷ്യങ്ങളിലൊന്നായ 'സംഘടന"യെ മുൻനിറുത്തിയുള്ള സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാടിന്റെ നന്മയ്ക്ക് എല്ലാവരും ഒരുമിച്ചുനിൽക്കണം. കേന്ദ്രഭരണവും സംസ്ഥാന ഭരണവും ഈ ലക്ഷ്യത്തോടെയാകണം പ്രവർത്തിക്കേണ്ടത്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പറഞ്ഞിരുന്നു. വരാൻ പോകുന്ന മൂന്നു മാസത്തിൽ വലിയ രാഷ്ട്രീയ തർക്കങ്ങളുണ്ടാകും. എല്ലാവരും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കും. അതാണ് രാഷ്ട്രീയത്തിന്റെ വഴി. എന്നാൽ, എല്ലാവരെയും ഒന്നിപ്പിക്കുന്നതായിരുന്നു ഗുരുദേവന്റെ വഴി. മനുഷ്യമനസിൽ സ്നേഹം നിറയ്ക്കുന്നതായിരുന്നു ഗുരുദേവന്റെ സാമൂഹ്യ വിപ്ലവം. കേരളത്തിൽ ജാതിക്കും മതത്തിനും അതീതമായ സംസ്കാരം വളർത്തിയത് ഗുരുദേവനാണെന്നും തരൂർ പറഞ്ഞു.
തരൂരിന് പ്രശംസ
ഗുരുദേവനെക്കുറിച്ച് പുസ്തകമെഴുതിയത് ചൂണ്ടിക്കാട്ടി ശശി തരൂരിനെ സ്വാമി സച്ചിദാനന്ദ പ്രശംസിച്ചു. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവനെക്കുറിച്ച് എഴുതാൻ മറ്റാരെക്കാളും യോഗ്യതയുള്ളത് വിശ്വപൗരനായ ശശി തരൂരിനാണ്. ശിവഗിരി മഠം കേരളത്തിനു പുറത്ത് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും തരൂർ വലിയ പിന്തുണ നൽകുന്നുണ്ടെന്നും സ്വാമി പറഞ്ഞു.
ടാഗോർ കൂടിക്കാഴ്ച ശതാബ്ദി
ഗുരുദേവനും രവീന്ദ്രനാഥ ടാഗോറും തമ്മിൽ നടന്ന ചരിത്ര പ്രസിദ്ധമായ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം പശ്ചിമ ബംഗാളിലെ ശാന്തിനികേതൻ സർവകലാശാലയിൽ സംഘടിപ്പാക്കാമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉറപ്പുനൽകിയെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ടി.പി. സെൻകുമാർ
ഗുരുദേവൻ തന്റെ കാലത്തെ ജനതയെ സംഘടിപ്പിച്ച് ശക്തരാക്കിയെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പറഞ്ഞു. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ചേർത്ത് സംഘടന ഉത്തമരീതിയിൽ പ്രവർത്തിക്കണമെന്ന് ഗുരു അരുളിചെയ്തിട്ടുണ്ട്.കേരളത്തിലെ ആദ്യ ട്രേഡ് യണിയൻ 1922ൽ ആലപ്പുഴയിൽ രൂപീകരിച്ചത് ഗുരുദേവന്റെ അനുഗ്രഹത്തിലാണെന്നും സെൻകുമാർ പറഞ്ഞു.
ഡോ. പി. ചന്ദ്രമോഹൻ
ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ കല്പിച്ച അഷ്ടലക്ഷ്യങ്ങൾ സാർത്ഥകമാക്കാൻ സംഘടന പ്രധാനമാണെന്ന് ഗുരുധർമ്മ പ്രചാരണ സഭ വൈസ് പ്രസിഡന്റ് ഡോ. പി. ചന്ദ്രമോഹൻ പറഞ്ഞു. പ്രാധാന്യമനുസരിച്ചാണ് ഗുരുദേവൻ തീർത്ഥാടനത്തിന്റെ അഷ്ടലക്ഷ്യങ്ങൾ ഓരോന്നായി പറഞ്ഞത്. ഗുരുദേവൻ അടക്കമുള്ള നവോത്ഥാന നായകന്മാർ വിവിധ സംഘടനകളിലൂടെയാണ് കേരളത്തിൽ സാമൂഹ്യ നവോത്ഥാനം സാദ്ധ്യമാക്കിയതെന്നും ചന്ദ്രമോഹൻ ചൂണ്ടിക്കാട്ടി.
ടി.കെ.ശ്രീനാരായണദാസ്
ഗുരുധർമ്മം ജീവിത വിജയത്തിലേക്കുള്ള മൂല്യങ്ങളാൽ പ്രശോഭിതമാണെന്ന് അഡ്വ. ടി.കെ.ശ്രീനാരായണദാസ് പറഞ്ഞു. പുതിയ തലമുറയെ രൂപപ്പെടുത്തിയെടുക്കുന്ന പഠന പ്രക്രിയയിൽ പരമപ്രധാനമാണ് ശ്രീനാരായണ പഠനം. മഹത്വത്തിന്റെ ഏത് ആകാശത്തെയും പുൽകാനുള്ള ഉയരം ഗുരുവിന്റെ ശിരസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ്
ശ്രീനാരായണ ദർശനത്തിന്റെ പ്രസക്തിയും മാഹാത്മ്യവും നാൾക്കുനാൾ വർദ്ധിക്കുകയാണെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കപ്പെടുന്ന രാഷ്ട്രീയം എതിർക്കപ്പെടണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഗുരുസന്ദേശങ്ങൾ കേരളത്തെ സ്വാതന്ത്ര്യത്തിലേക്കും സാഹോദര്യത്തിലേക്കും നയിച്ചു. എന്നാലിന്ന് രാജ്യത്ത് സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമെല്ലാം ദുർബലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |