
ശിവഗിരി : കാഴ്ചയിൽ ചെറിയ കുന്നാണെങ്കിലും ഭൂഘടനയുടെ വ്യത്യാസത്തിനപ്പുറം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പർവതമായി ശിവഗിരിക്കുന്ന് മാറിയെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു.
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രപഞ്ചം ഉണ്ടായതിനുശേഷം ഭൂമിയിൽ ജനിച്ചു ജീവിച്ച എക്കാലത്തെയും മഹാനായ മനുഷ്യനാണ് ശ്രീനാരായണഗുരു. ജീവിതത്തിന്റെ പലഘട്ടങ്ങളിലായി മാർക്സിസവും അസ്തിത്വവാദവും തന്നിലേക്ക് കടന്നുവരികയും പോകുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, ഗുരുദേവദർശനം സ്ഥിരമായി തന്നോടൊപ്പമുണ്ട്.
മറ്റു സന്യാസിമാർ ആത്മാവിനെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. ഗുരുദേവൻ,ശരീരത്തെക്കുറിച്ചും മനുഷ്യന്റെ ഭൗതിക സുരക്ഷയെക്കുറിച്ചും ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്തു. അതാണ് മറ്റു സന്യാസിമാരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. മനുഷ്യരെ മാത്രമല്ല, എല്ലാ ജീവജാലങ്ങളെയും ഗുരുദേവൻ സ്നേഹിച്ചു. ഗുരുദേവ ചിന്തകളുടെ സ്വാധീനമാണ് 'പുലയപ്പാട്ട്" എന്ന തന്റെ കൃതിക്ക് പ്രേരണയായതെന്നും മുകുന്ദൻ പറഞ്ഞു.
നോവലിസ്റ്റ് കെ.പി.രാമനുണ്ണി അദ്ധ്യക്ഷത വഹിച്ചു. ഗുരുവിന്റെ ഓരോ കൃതിയും മനുഷ്യനെ നവബോധത്തിലേക്ക് എത്തിക്കുന്ന ചവിട്ടുപടികളാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവ കൃതികൾ ഹിമാലയം പോലെ മലയാള സാഹിത്യത്തിൽ തലയെടുപ്പോടെ നിൽക്കുകയാണ്. ഇനിയും മനസിലാക്കാൻ ഏറെയുള്ള പർവതമാണത്. ഗുരുദേവ കൃതികൾക്കു ശേഷമുണ്ടായ മലയാളത്തിലെ ഏതു സാഹിത്യകൃതി പരിശോധിച്ചാലും ഗുരുദേവചിന്തയുടെ സൂക്ഷ്മാംശങ്ങൾ കാണാനാകും. ലോകത്തെ ഐക്യപ്പെടുത്താൻ ഗുരുവോളം മറ്റൊരാളില്ലെന്നും രാമനുണ്ണി പറഞ്ഞു.
പി.കെ.ഗോപി, മണമ്പൂർ രാജൻബാബു,മുരുകൻ കാട്ടാക്കട, എം.കെ.ഹരികുമാർ,വെള്ളിമൺ നെൽസൺ എന്നിവർ സംസാരിച്ചു. സ്വാമി അവ്യയാനന്ദ സ്വാഗതവും മാങ്ങാട് ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |