
കൊച്ചി: യു.ഡി.എഫിന് ഒമ്പത് എം.എൽ.എമാരുള്ള എറണാകുളം ജില്ല കോൺഗ്രസിന്റെ ഉരുക്കുകോട്ടയായതിനാൽ പരീക്ഷണങ്ങൾക്ക് എൽ.ഡി.എഫ് തയ്യാറല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തും കൊച്ചി കോർപ്പറേഷനും ഭൂരിഭാഗം മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തും യു.ഡി.എഫിന്റെ കൈയ്യിലാണെങ്കിലും അഞ്ച് എം.എൽ.എമാരുടെ കരുത്തിൽ പോരാടാനാണ് നീക്കം. എൻ.ഡി.എ അക്കൗണ്ട് തുറന്നിട്ടില്ല.
എം.എൽ.എമാരായ 5 പേരേയും കളത്തിലിറക്കാൻ സി.പി.എം ജില്ലാ നേതൃത്വം ധാരണയിലായിട്ടുണ്ട്. കൈവിട്ടുപോയ സീറ്റുകളിൽ കരുത്തരെ നിയോഗിക്കും. കൊച്ചി എം.എൽ.എ കെ.ജെ. മാക്സിക്കും കോതമംഗലത്തെ ആന്റണി ജോണിനും രണ്ടു ടേം നിബന്ധനയിൽ ഇളവ് നൽകും. വ്യവസായ മന്ത്രി പി. രാജീവിന്റെ കളമശേരിയാകും ഇടതുപക്ഷത്തിന്റെ താരമണ്ഡലം. ഐ.ടി മേഖലയിലടക്കം ഒട്ടേറെ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പറവൂരാണ് യു.ഡി.എഫിന്റെ താരമണ്ഡലം. സി.പി.ഐയുടെ പരമ്പരാഗത മണ്ഡലമായ ഇവിടെ സതീശന് കാര്യമായ വെല്ലുവിളിയില്ല. നിയമസഭയിലടക്കം മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും പ്രതിരോധത്തിലാക്കുന്ന സതീശനെ തോൽപ്പിക്കുക സി.പി.എം അജൻഡയായതിനാൽ പറവൂരും പിറവവും വച്ചുമാറാൻ നിർദ്ദേശമുണ്ടായിരുന്നു. ഇപ്പോൾ മിണ്ടാട്ടമില്ല. യു.ഡി.എഫിന്റെ ഘടകകക്ഷി സീറ്റായ പിറവത്ത് മുൻ മന്ത്രി അനൂപ് ജേക്കബ് മത്സരിക്കും. സ്ത്രീ പീഡനത്തിന് ആരോപണവിധേയനായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ കാര്യത്തിൽ ധാർമ്മിക പ്രശ്നങ്ങൾ കോൺഗ്രസിനെ അലട്ടുന്നുണ്ട്. ലോക് സഭാംഗം ഹൈബി ഈഡനെ മാറ്റിപ്പിടിക്കാനുള്ള സാദ്ധ്യതയും ചർച്ചയിലുണ്ട്. മറ്റ് എം.പിമാരും നിയമസഭാ സീറ്റു ചാേദിച്ചുവരുമെന്നതാണ് പ്രശ്നം.
ഉപതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ഉമ തോമസ്,സഭയിൽ കോൺഗ്രസിന്റെ ഏക വനിതാ സാന്നിദ്ധ്യമാണ്. തൃക്കാക്കരയിൽ ഉമ മത്സരിക്കാനാണ് സാദ്ധ്യത. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയ തൃപ്പൂണിത്തുറയിൽ കെ.ബാബു തുടരുമോയെന്ന് വ്യക്തമല്ല. ഇവിടെ നടൻ രമേഷ് പിഷാരടിയാണെന്ന അഭ്യൂഹമുണ്ട്. സമുദായ സമവാക്യങ്ങൾ പരിഗണിച്ചാവും തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗത്തിനിടയിലും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ഭരണം പിടിച്ചത് ബി.ജെപിക്ക് കരുത്തായി. അവരുടെ ശ്രദ്ധാകേന്ദ്രം തൃപ്പൂണിത്തുറയാണ്. വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തുകയാകും വെല്ലുവിളി. കഴിഞ്ഞ തവണ ഡോ.കെ.എസ്. രാധാകൃഷ്ണന് ലഭിച്ചത് 15.3% വോട്ടുകളായിരുന്നു.
മണ്ഡലം...........................എം.എൽ.എ.....................................................................ഭൂരിപക്ഷം
പെരുമ്പാവൂർ...............എൽദോസ് കുന്നപ്പിള്ളിൽ (യു.ഡി.എഫ്)........2,899
അങ്കമാലി.........................റോജി എം. ജോൺ (യു.ഡി.എഫ്).........................15,929
ആലുവ..............................അൻവർ സാദത്ത് (യു.ഡി.എഫ്)..........................18,886
കളമശേരി........................പി. രാജീവ് (എൽ.ഡി.എഫ്)......................................15,336
പറവൂർ..............................വി.ഡി. സതീശൻ (യു.ഡി.എഫ്)..............................21,301
വൈപ്പിൻ..........................കെ.എൻ. ഉണ്ണികൃഷ്ണൻ (എൽ.ഡി.എഫ്)..............8,201
കൊച്ചി...............................കെ.ജെ. മാക്സി (എൽ.ഡി.എഫ്)................................14,079
തൃപ്പൂണിത്തുറ...............കെ.ബാബു (യു.ഡി.എഫ്).........................................992
എറണാകുളം..................ടി.ജെ. വിനോദ് (യു.ഡി.എഫ്)...................................10,970
തൃക്കാക്കര.......................ഉമ തോമസ് (യു.ഡി.എഫ്).........................................25,016
കുന്നത്തുനാട്................പി.വി. ശ്രീനിജിൻ (എൽ.ഡി.എഫ്)...........................2,715
പിറവം..................................അനൂപ് ജേക്കബ് (യു.ഡി.എഫ്)...............................25,364
മൂവാറ്റുപുഴ......................മാത്യു കുഴൽനാടൻ (യു.ഡി.എഫ്).......................6,161
കോതമംഗലം...................ആന്റണി ജോൺ (എൽ.ഡി.എഫ്)...........................6605
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |