
അരനൂറ്റാണ്ടിന്റെ ഓർമ്മകളുമായി ഡോ. വി.എസ്. വിജയൻ
തിരുവനന്തപുരം: സത്യങ്ങൾ മുഖംനോക്കാതെ പറഞ്ഞിരുന്ന വിപ്ലവകാരിയായിരുന്നു മാധവ് ഗാഡ്‌ഗിലെന്ന് ആത്മസുഹൃത്തും പരിസ്ഥിതി പ്രവർത്തകനുമായ ഡോ.വി.എസ്. വിജയൻ പറഞ്ഞു. 1975ൽ താൻ പിഎച്ച്.ഡി തീസീസ് ചെയ്യുന്ന സമയത്താണ് ഗാഡ്‌ഗിലിനെ പരിചയപ്പെടുന്നത്. ബന്ദിപ്പൂരും വയനാടും ചേർന്നൊരു ദേശീയ ഉദ്യാനം തയ്യാറാക്കുന്നതിനുള്ള സർവേയ്ക്കാണ് എന്നെ ക്ഷണിച്ചത്. അത് 51 വർഷം നീണ്ട ആത്മബന്ധമായി. ഗാഡ്‌ഗിൽ കമ്മിറ്റിയിലെ 14 അംഗങ്ങളിലൊരാളായിരുന്നു ഞാനും. ഒരു വർഷത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കി. ഞങ്ങൾ പരമാവധിയിടങ്ങളിൽ നേരിട്ടെത്തി പഠിച്ചാണ് റിപ്പോർട്ടെഴുതിയത്. റിപ്പോർട്ടിൻമേൽ സർക്കാർ പിന്നെയും ഒരു വർഷം അടയിരുന്നു.
പശ്ചിമഘട്ടത്തിലെ 73 ശതമാനവും പരിസ്ഥിതി ദുർബലവും സംരക്ഷിക്കപ്പെടേണ്ടതുമാണെന്നായിരുന്നു കണ്ടെത്തൽ. ജയറാം രമേഷിന് ശേഷം വന്ന പരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ ഗാഡ്‌ഗിൽ റിപ്പോർട്ടിനെ പാടേ തള്ളുകയും പുതിയ പഠനത്തിനായി കസ്തൂരിരംഗനെ നിയോഗിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ റിപ്പോർട്ട് പ്രകാരം കേവലം 26 ശതമാനം ഇടം മാത്രം സംരക്ഷിക്കപ്പെട്ടാൽ മതിയായിരുന്നു. ഇതായിരുന്നു അധികാരികൾക്കും പ്രിയം. എന്നാൽ ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ പ്രസക്തി പിൽകാലത്ത് പലപ്പോഴും എല്ലാവരും ഓർമ്മിച്ചു. എന്നും പ്രകൃതിക്ക് വേണ്ടി തുടിച്ചിരുന്ന മനസായിരുന്നു ഗാഡ്ഗിലിന്റേത് - വി.എസ്. വിജയൻ ഓർത്തെടുത്തു.
കടൽ മത്സ്യങ്ങളോട് പ്രിയം
വ്യക്തിജീവിതത്തിലും ഗാഡ്‌ഗിൽ വ്യത്യസ്തനായിരുന്നെന്ന് വിജയൻ. ബ്രാഹ്മണനായിരുന്ന അദ്ദേഹം എന്റെ നാടായ ചെറായിൽ വരുമ്പോൾ കടൽ മത്സ്യങ്ങൾ കഴിക്കാനാണ് താത്പര്യം കാട്ടിയിരുന്നത്. അത് ഒന്നോ രണ്ടോ വിഭവത്തിൽ ഒതുങ്ങില്ല. അദ്ദേഹത്തിന്റെ 80-ാം പിന്നാൾ ആഘോഷത്തിനായി പൂനെയിലേക്ക് ക്ഷണിച്ചിരുന്നു. ഞാനും ഭാര്യയും പോയി. അന്നും പരിസ്ഥിതി വിഷയങ്ങളായിരുന്നു ഞങ്ങളുടെ സംസാരത്തിൽ ഏറെയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |