
കാടുകൾക്ക്, നദികൾക്ക് മലകൾക്ക് ചെവിയോർത്തൊരാൾ. ഒരു ചെറിയ കൂട്ടം ആളുകൾ മുകളിൽനിന്ന് താഴേക്ക് അടിച്ചേൽപ്പിക്കുന്ന പദ്ധതികളല്ല അതിരുവൽക്കരിക്കപ്പെടുന്ന ദുർബല വിഭാഗങ്ങൾക്കുവേണ്ടത് എന്തെന്ന തിരിച്ചറിവിലൂടെ മുന്നോട്ടുവയ്ക്കുന്ന പദ്ധതികളാണ് മനുഷ്യരാശിയുടേയും മറ്റു ജീവജാലങ്ങളുടെയും നിലനില്പിന് ഏറ്റവും അനുയോജ്യം എന്നത് അദ്ദേഹം ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു, നമ്മളത് കേട്ടില്ലെങ്കിലും.
ദുർബലമായ പരിസ്ഥിതി മേഖലകളെ തൊട്ടുകളിക്കുന്നത് വിനാശകരമാണെന്നും അത്, മനുഷ്യപ്രേരിത ദുരന്തങ്ങൾക്ക് വഴിവയ്ക്കും എന്നും അദ്ദേഹം പ്രവാചക സ്വഭാവത്തോടെ പറഞ്ഞത് ഇനിയെങ്കിലും ശ്രദ്ധിക്കാം. കേട്ടിട്ടും കേൾക്കാതിരുന്നവരുടെ മുന്നിലേക്ക് 2018 ലെ പ്രളയമായും 2024 ൽ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലായും താക്കീതായി ദുരന്തങ്ങൾ വന്നതും മറക്കേണ്ടതില്ല. അതീവ ജാഗ്രതാ മേഖലകളിൽ കെട്ടിടനിർമ്മിതികൾക്ക് നിയന്ത്രണം വേണമെന്നും ഘട്ടംഘട്ടമായി ജൈവകൃഷി രീതികളിലേക്ക് മാറുന്നതാണ് നല്ലതെന്നും ഗാഡ്ഗിൽ പറഞ്ഞത് അദ്ദേഹം സമ്പൂർണമായും ജനപക്ഷത്തുള്ള ശാസ്ത്രജ്ഞനായതുകൊണ്ടാണ്. അത് മനസിലാക്കാതെ കല്ലെറിഞ്ഞവർ ധാരാളം.
1986 ൽ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗൺസിൽ അംഗം, പത്മഭൂഷൺ ജേതാവ് (2006), വിഖ്യാതമായ 'വോൾവോ" പരിസ്ഥിതി പുരസ്കാരം, ഭൂമിയുടെ സംരക്ഷകവക്താക്കൾ (champions of the Earth )എന്ന വിശേഷണത്തിന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സംഘടന (UNEP) കണ്ടെത്തിയ 6 പുരസ്കാരജേതാക്കളിൽ ഒരാൾ (2024) എന്നീ വിശേഷണങ്ങൾക്കെല്ലാം അപ്പുറം ഗാഡ്‌ഗിൽ ഓർമ്മിക്കപ്പെടുക '' പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും കാവലാൾ"" എന്ന നിലയിലായിരിക്കും. ദുരന്തങ്ങൾക്ക് പരിഹാരം. പരിസ്ഥിതിജ്ഞാനം മാത്രമാണെന്നും ആദിവാസികളും കൃഷിക്കാരും മത്സ്യബന്ധനത്തൊഴിലാളികളും ആടുമാടുകളെ മേയ്ക്കുന്നവരും എല്ലാമടങ്ങുന്ന തദ്ദേശവാസികളാണ് അവരവർക്ക് യോജ്യമായ വികസന പദ്ധതികൾ രൂപകല്പന ചെയ്യേണ്ടതെന്നും നിരന്തരം ഓർമ്മപ്പെടുത്തിയ മനുഷ്യസ്നേഹി.
അശാസ്ത്രീയമായ വികസന പദ്ധതികളുമായി ലാഭംമാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള വാഗ്‌ദാനങ്ങളുമായി ഇനിയും ഭരണകർത്താക്കൾ നമ്മെ മോഹിപ്പിക്കും.
പക്ഷേ, കാടുകൾ മുറിവേൽക്കുമ്പോൾ, നദികൾ വറ്റുമ്പോൾ, കടലുകൾ മരിക്കുമ്പോൾ, മലകൾ നിലവിളിക്കുമ്പോൾ, ഗാഡ്ഗിലിന്റെ വാക്കുകൾ കരുതലിന്റെ ഓർമ്മപ്പെടുത്തലുകളുമായി, ഇനിയും നമ്മുടെ മുന്നിലേക്ക് വരും. 'ഇനിയും മരിക്കാത്ത" മൂക്കുന്നിമലയും , ചെമ്പൻമുടിപ്പാറയും, പശ്ചിമഘട്ടവും, ഹിമാലയം, ആരവല്ലി മലനിരകളും ആസന്നമായ മൃതുവിന് കീഴടങ്ങുന്ന നിമിഷംവരെ ഈ ശാസ്ത്രജ്ഞന് നന്ദി പറഞ്ഞുകൊണ്ടേയിരിക്കും, തീർച്ച!
(സംസ്ഥാന ദുരന്തനിവാരണ സെന്ററിന്റെ മുൻ മേധാവിയാണ് ലേഖിക )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |