കൊച്ചി: നാർക്കോട്ടിക്‌സ് ആക്ട് പ്രകാരമുള്ള കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ അഞ്ചു ജില്ലകളിൽക്കൂടി പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകി. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ കോടതികൾ എട്ടാഴ്ചയ്‌ക്കകം പ്രവർത്തന സജ്‌ജമാക്കണം. അല്ലാത്തപക്ഷം നിയമ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. തൃശൂർ, പാലക്കാട്, മലപ്പുറം (മഞ്ചേരി) ജില്ലകളിലെപ്രത്യേക കോടതികളും ഉടൻ സ്ഥാപിക്കേണ്ടതാണ്. നടപടി റിപ്പോർട്ട് രണ്ടു മാസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ലഹരിമരുന്ന് കേസുകൾക്ക് മാത്രമായുള്ള കോടതികൾ എല്ലാ ജില്ലകളിലും വേണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കേരളത്തിൽ കോഴിക്കോട് (വടകര), ഇടുക്കി (തൊടുപുഴ) ജില്ലകളിൽ മാത്രമാണ് ഇവയുള്ളത്. മറ്റിടങ്ങളിൽ സെഷൻസ് കോടതികൾക്കാണ് ചുമതല.
സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിൽ ആദ്യ പരിഗണനയിലുള്ളതെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കേസുകൾ കൂടുതൽ തീർപ്പാകാനുള്ള തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് കൂടി മുൻഗണന നൽകാൻ തുടർന്ന് നിർദ്ദേശിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപഭോഗം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള ലീഗൽ സർവീസസ് അതോറിട്ടി (കെൽസ) അടക്കം നൽകിയ ഹർജികളാണ് പരിഗണനയിലുള്ളത്.
ലഹരി പ്രതിരോധത്തിനായി സ്കൂൾ തലത്തിൽ രൂപീകരിച്ചിട്ടുള്ള ജാഗ്രതാസമിതി, പ്രോട്ടക്‌ഷൻ ഗ്രൂപ്പ്, ആന്റി നാർക്കോട്ടിക് ക്ലബ് എന്നിവയെല്ലാം ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് പൊതുനടപടിക്രമം (എസ്.ഒ.പി) രൂപീകരിച്ചതായും മുഖ്യമന്ത്രി അംഗീകാരം നൽകിയതായും സർക്കാർ അറിയിച്ചു. ഇത് നടപ്പാക്കുന്നതിനുള്ള തുടർനടപടികൾക്ക് കെൽസ മേൽനോട്ടം വഹിക്കണം, പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സയന്റിഫിക് അസിസ്റ്റന്റ് നിയമനം
ഫൊറൻസിക് ലബോറട്ടറികളിൽ 31 സയന്റിഫിക് അസിസ്റ്റന്റുമാരെ നിയമിക്കണമെന്ന പൊലീസ് മേധാവിയുടെ ശുപർശയിൽ സർക്കാർ സത്വര നടപടിയെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ധാരണയായ 12 പോസ്റ്റുകളിൽ നിയമനം നടത്തുന്നതിൽ ധനവകുപ്പ് അനുകൂല നിലപാടെടുക്കണം. നടപടി റിപ്പോർട്ട് മൂന്നാഴ്ചയ്‌ക്കകം സമർപ്പിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |