കൊച്ചി: തൃശൂർ വിയ്യൂർ അതിസുരക്ഷാ ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങൾ മുക്കിയ സംഭവം ജയിൽ ഡി.ജി.പി അന്വേഷിക്കാൻ എറണാകുളം എൻ.ഐ.എ കോടതി ഉത്തരവിട്ടു.തെളിവുകൾ കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാനാണ് പ്രത്യേക കോടതി ജഡ്ജി പി.കെ.മോഹൻദാസിന്റെ നിർദ്ദേശം.എൻ.ഐ.എ കേസ് പ്രതി നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.
2023 ജൂൺ 5ന് താൻ കസ്റ്റഡിയിലായിരുന്നപ്പോൾ ജയിൽ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും പ്രഭാത ഭക്ഷണം തട്ടിത്തെറിപ്പിച്ചെന്നും ആരോപിച്ചായിരുന്നു ഹർജി.ഫോറൻസിക് പരിശോധനയിൽ നിർണായകമായ ഏഴ് മിനിറ്റ് ദൃശ്യങ്ങൾ റെക്കാർഡിലില്ലെന്ന് കണ്ടെത്തി.അതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളാണ് ജയിൽ അധികൃതർ ഹാജരാക്കിയത്.
പരാതിക്കാരന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെങ്കിലും അതീവ സുരക്ഷയുള്ള ജയിലിൽ നിന്ന് ദൃശ്യങ്ങൾ അപ്രത്യക്ഷമായത് ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു.ജയിൽ ഡി.ജി.പി ജൂനിയർ ഉദ്യോഗസ്ഥൻ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.പരാതിക്കാരന്റെ ഭാഗം കൂടി കേട്ടശേഷം ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാനും കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |