SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.27 PM IST

തൊഴിലുറപ്പിന് കരുതലായി 1,000 കോടി

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: പരിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതി കേന്ദ്രം കൊണ്ടുവന്നെങ്കിലും സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് 1,000 കോടി രൂപ ബഡ്ജറ്റിൽ അധികമായി വകയിരുത്തി. ഗ്രാമീണ മേഖലയിലെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിറുത്താനാണ് സാമ്പത്തിക ഞെരുക്കത്തിനിടയിലും അധിക തുക അനുവദിച്ചത്.

കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം പൂർത്തിയാക്കുന്ന പട്ടികവർഗ ഗുണഭോക്താക്കൾക്ക് അധികമായി 100 ദിവസം തൊഴിൽ നൽകുന്ന കേരള ട്രൈബൽ പ്ലസ് പദ്ധതി തുടരുന്നതിന് 49.82 കോടിയും വകയിരുത്തി.

തൊഴിലുറപ്പ് പദ്ധതിയുടെ ആകെ ചെലവിന്റെ 60% മാത്രം കേന്ദ്രം ഏറ്റെടുക്കുന്നതും തൊഴിൽ ദിനങ്ങൾ നിശ്ചിത എണ്ണത്തിലേക്ക് ചുരുക്കിയതും വലിയ തിരിച്ചടിയാണെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നതിനിടയിലാണ് പദ്ധതിയെത്തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങൾ നടക്കുന്നത്.

കേന്ദ്ര നയങ്ങൾ തിരുത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനോടൊപ്പം നിലവിൽ പദ്ധതിയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായാണ് മുൻ വർഷത്തേക്കാൾ 1,000 കോടി അധികമായി നൽകുന്നത്. ഇതോടെ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

കുടുംബശ്രീക്ക് 275 കോടി

ബഡ്ജറ്റിൽ കുടുംബശ്രീക്ക് 275 കോടി വകയിരുത്തി. സൂക്ഷ്മസംരംഭങ്ങൾ, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാൻസ്, ഉപജീവന പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് അടക്കമാണിത്. ഇതിൽ 22.27 കോടി കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രചാരവും വിപണനവും ഉൾപ്പെടുന്ന മാർക്കറ്റിംഗ് ശൃംഖല ശക്തിപ്പെടുത്തുന്നതിനാണ്.

പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന 'വനിതാ സമൃദ്ധി-സ്ത്രീ ശാക്തീകരണ പരിപാടി' എന്ന പുതിയ പദ്ധതിക്ക് പത്തു കോടി രൂപ വകയിരുത്തി

തിരുവനന്തപുരത്തെ മാനവീയം വീഥി മാതൃകയിൽ പെരളശ്ശേരിയിൽ ഒരു സ്ഥിരം നിശാജീവിത സാംസ്കാരിക ഇടനാഴി സ്ഥാപിക്കുന്നതിന് 2.5 കോടി. ഇതിൽ കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുളള മാർക്കറ്റുകളും ഉണ്ടാകും.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY