SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.06 PM IST

സ്കൂൾ അദ്ധ്യാപക തസ്തിക നിർണയം കുട്ടികളുടെ യു.ഐ.ഡി നിബന്ധനയിൽ ഇളവ്

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 2025-26 അദ്ധ്യയന വർഷത്തെ അദ്ധ്യാപക തസ്തിക നിർണയ നടപടികളിൽ ഇളവ് അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ആറാം പ്രവൃത്തി ദിനത്തിൽ യു.ഐ.ഡി (യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ)​ ലഭ്യമല്ലാത്ത കുട്ടികളെ കൂടി അദ്ധ്യാപക തസ്തിക നിർണയത്തിൽ ഉൾപ്പെടുത്താനാണ് അനുമതി.

ആറാം പ്രവൃത്തി ദിനംവരെ യു.ഐ.ഡിക്ക് അപേക്ഷിക്കുകയും 2025 ജൂലായ് 14നകം യു.ഐ.ഡി ലഭ്യമാവുകയും ചെയ്ത കുട്ടികളെ അദ്ധ്യാപക തസ്തിക നിർണയത്തിനായി പരിഗണിക്കാനും വിദ്യാഭ്യാസ ഓഫീസർമാർക്ക് അനുമതി നൽകി. കെ.ഇ.ആർ വ്യവസ്ഥകളിൽ ഇളവ് നൽകിയാണ് നടപടി.

ആറാം പ്രവൃത്തി ദിനത്തിൽ സ്കൂൾ റോളിൽ ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങളാൽ ആധാർ രേഖകൾ ലഭിക്കാൻ വൈകിയ കുട്ടികളുടെ കാര്യത്തിലാണ് പ്രത്യേക പരിഗണന. യു.ഐ.ഡി ലഭിക്കുന്നതിലെ കാലതാമസം അദ്ധ്യാപക തസ്തികകളെ ബാധിക്കരുതെന്ന അദ്ധ്യാപക സംഘടനകളുടെയും സ്കൂൾ മാനേജ്‌മെന്റുകളുടെയും നിരന്തരമായ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം.

വ്യാജ അഡ്മിഷനുകൾ വഴി പൊതുഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കി അദ്ധ്യാപക തസ്തിക നിർണയിക്കുന്നത്. ആറാം പ്രവൃത്തി ദിനത്തിലെ യു.ഐ.ഡി എണ്ണമാണ് തസ്തിക നിർണയത്തിലെ മാനദണ്ഡം.

മൂന്ന് മാസത്തിനകം

റിപ്പോർട്ട് നൽകണം

അധിക അദ്ധ്യാപക തസ്തികകൾ സംബന്ധിച്ച വിശദ റിപ്പോർട്ട് മൂന്നു മാസത്തിനകം സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്കും സർക്കാർ നിർദ്ദേശം നൽകി. കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയുള്ള തസ്തിക നിർണയം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.

''തസ്തികാ നിർണയത്തിന് ഇളവ് വരുത്തിയ സർക്കാർ തീരുമാനം സംസ്ഥാനത്തെ നൂറുകണക്കിന് അദ്ധ്യാപക തസ്തികകൾ സംരക്ഷിക്കപ്പെടാൻ സഹായിക്കും

-ടി.കെ.എ. ഷാഫി,

ജനറൽ സെക്രട്ടറി,

കെ.എസ്.ടി.എ

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY