SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.28 PM IST

ഇന്ത്യൻ കുതിപ്പിന് കരുത്തേകും

Increase Font Size Decrease Font Size Print Page
k

വ്യോമസേനയ്ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധരംഗത്ത് പുതിയ ചരിത്രമാകുന്ന,​ ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന കരാറാണിത്. 3.25 ലക്ഷം കോടി രൂപയ്ക്കാണ് 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.

ഇത്തരമൊരു പ്രതിരോധ ഇടപാട് നടത്തുമ്പോൾ,​ ഏത് സാഹചര്യത്തിൽ അവ വാങ്ങുന്നു,​ അതെങ്ങനെ ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു,​ ഇന്ത്യൻ പ്രതിരോധവ്യവസായ മേഖലയേയും രാജ്യത്തിന്റെ സമ്പദ് ഘടനയേയും അതെങ്ങനെ ബാധിക്കുന്നു. വിദേശകാര്യബന്ധങ്ങളിൽ എങ്ങനെയെല്ലാം പ്രതിഫലിപ്പിക്കും,​ ഭാവിയിൽ അത് രാജ്യത്തിന് എത്രമാത്രം ഗുണകരമാകും തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തണം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഈമാസത്തെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് ഈ തീരുമാനമെന്നത് ഇതിന്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നു. പ്രതിരോധ ഇടപാടിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ പങ്കാളികളിലൊന്നാണ് ഫ്രാൻസ്. ഒരുസാഹചര്യത്തിലും ഇന്ത്യൻ താത്പര്യത്തിൽ നിന്ന് വിട്ടുനിൽക്കാത്ത രാജ്യം. റഷ്യയാണ് എടുത്തുപറയാവുന്ന മറ്റൊരുപങ്കാളി. റഫേലിൽ തന്നെ ഇത് ഇന്ത്യയുടെ മൂന്നാമത്തെ ഇടപാടാണ്.

മറ്റാെന്ന് ഇത് വാങ്ങുന്ന സാഹചര്യമാണ്. പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ നടത്തി വിജയം വരിച്ച് നിൽക്കുകയാണ് ഇന്ത്യ. തോൽവിയുടെ നാണക്കേടിൽ നിന്ന് തുടർച്ചയായി പ്രകോപനം സൃഷ്ടിച്ചുവരികയാണ് പാകിസ്ഥാൻ. അവർ അമേരിക്കയേയും ചെെനയേയും വഴിവിട്ട് ആശ്രയിക്കുന്നു. രണ്ടാം ഓപ്പറേഷൻ സിന്ദൂർ വേണ്ടിവരുമെന്നാണ് ഇന്ത്യ കരുതുന്നത്. കഴിഞ്ഞ ഓപ്പറേഷൻ സിന്ദൂറിൽ റാഫേൽ നിർണായകമായിരുന്നുവെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യൻ എയർഫോഴ്സ് പൈലറ്റുമാരുടെ കൈയിൽ റാഫേൽ ഭദ്രമായിരുന്നുവെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു. ഇനിയൊരു സിന്ദൂർ ഉണ്ടായാൽ സേനയ്ക്ക് ആത്മവിശ്വാസവും കരുത്തും പകരുന്നതാണ് ഈ ഇടപാട്.

 80 ശതമാനവും

തദ്ദേശീയമായി നിർമ്മിക്കും

പ്രതിരോധവ്യവസായത്തിന് കരുത്തേകുന്ന വ്യവസ്ഥകളോടെയാണ് ഈ ഇടപാട്. 114ൽ 18 വിമാനങ്ങൾ പറക്കാൻ സജ്ജമായ നിലയിൽ ഫ്രാൻസിൽ നിന്ന് നേരിട്ട് വാങ്ങും. ബാക്കിയുള്ളവ ഇന്ത്യയിൽ നിർമ്മിക്കും. 'മേക്ക് ഇൻ ഇന്ത്യ"യുടെ കീഴിൽ ഏകദേശം 80 ശതമാനം വിമാനങ്ങളും തദ്ദേശീയമായി ഉത്പാദിപ്പിക്കും. അതിൽ 60% ഘടകങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കും. അത് ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് വൻനേട്ടമുണ്ടാകും. തൊഴിലും വർദ്ധിപ്പിക്കും. തേജസിൽ പോലും 62% ഘടകങ്ങളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നതെന്ന് ഓർക്കണം. റാഫേൽ നിർമ്മാതാക്കളായ ദസാൾട്ടിന്റെ നിർമ്മാണ യൂണിറ്റ് ഇന്ത്യയിൽ വരുന്നത് ചെറിയ കാര്യമല്ല.

 ചൈനയും ഭയക്കണം

ഇന്ത്യൻ പ്രതിരോധസേനയ്ക്ക് കരുത്തേകുന്ന ഇടപാടാണിതെന്നും നിസംശയം പറയാം. പാകിസ്ഥാനെതിരെ മാത്രമല്ല,​ ചെെനയ്ക്കെതിരെയും റാഫേൽ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഓപ്പറേഷൻ സിന്ദൂറിൽ അമേരിക്കയുടെ എഫ് 16 വിമാനങ്ങളേയും തുർക്കിയുടെ ഡ്രോണുകളേയും പ്രതിരോധിക്കാനും ചെെനയുടെ എയർ ഡിഫൻസ് സംവിധാനത്തെ മറികടക്കാനും റാഫേൽ ഉപയോഗിച്ച് ഇന്ത്യയ്ക്ക് കഴിഞ്ഞു. പുതിയ റാഫേൽ വിമാനങ്ങൾ കൂടി ചേരുന്നതോടെ മേഖലയിലെ ശക്തിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് അത് കരുത്തേകും.

 150 റാഫേൽ

അതിർത്തികളിലെ സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കെ വ്യോമസേനയിൽ നിലവിൽ 29 ഫൈറ്റർ സ്‌ക്വാഡ്രണുകൾ മാത്രമാണുള്ളത്. ഇത് അംഗീകൃതശേഷിയായ 42ൽ എത്തിക്കാൻ പുതിയ 114 റാഫേൽ വരുന്നതോടെ കഴിയും. ഈ ഇടപാട് പൂർത്തിയാകുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ 150 റാഫേൽ വിമാനങ്ങളുണ്ടാകും. ഇതിനുപുറമെ 26 റാഫേൽ മറൈൻ വിമാനങ്ങളും ഇന്ത്യ വാങ്ങിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയിൽ വികസിപ്പിക്കുന്ന പ്രതിരോധ, ആക്രമണ സാമഗ്രികൾ റാഫേലിൽ സംയോജിപ്പിക്കാനും റാഫേൽ 5 തയ്യാറാകുമ്പോൾ അപ്ഗ്രേഡ് ചെയ്യാനും വ്യവസ്ഥയുണ്ട്. നിലവിൽ റാഫേൽ 4 ആണ് ലഭിക്കുന്നത്. 2030 ഓടെ കരാർ അനുസരിച്ചുള്ള വിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭ്യമാകുമെന്നാണ് നിലവിലെ വിവരം. ഇന്ത്യൻ കരാർ വന്നതോടെ റാഫേൽ ഉത്പാദന ശേഷി ഇരട്ടിയാക്കാൻ ദസാൾട്ട് കമ്പനി തീരുമാനിച്ചിട്ടുണ്ട്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY