SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.03 PM IST

മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം: ആറുവയസുകാരി ഒരു വർഷമായി ലൈംഗിക പീഡനത്തിന് ഇര

Increase Font Size Decrease Font Size Print Page
padam

കൊച്ചി: എറണാകുളം പോണേക്കരയിൽ പിതാവിനൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ആറു വയസുകാരി ഒരു വർഷത്തോളം ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിന് തൊട്ടു മുമ്പും പീഡിപ്പിക്കപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഭീകരത വ്യക്തമായതോടെ എളമക്കര പൊലീസ് പോക്‌സോ കേസെടുത്തു.

പിഞ്ചുകുഞ്ഞിന്റെ രഹസ്യ ഭാഗത്തടക്കം മുറിപ്പാടുകളുണ്ടെന്ന ഞെട്ടിക്കുന്ന വിവരം ജനുവരി 23ന് കേരളകൗമുദിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

ജനുവരി 15ന് രാവിലെയാണ് ആലപ്പുഴ പൂച്ചാക്കൽ സ്വദേശിയായ 33കാരനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തിയത്. ഭാര്യ വഴക്കിട്ട് പിണങ്ങിപ്പോയതിൽ മനം നൊന്ത് മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പ്രാഥമിക നിഗമനം. കുട്ടിയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായതോടെ, ഫോറൻസിക് സർജൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി വിവരം കൈമാറുകയായിരുന്നു.

അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് പൊലീസ് പോക്‌സോ കേസെടുത്തത്. സുഹൃത്തുക്കളായ ദമ്പതികളെ സ്വകാര്യവിവരങ്ങൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കുഞ്ഞിന്റെ പിതാവ് പണമോ സ്വർണമോ കൈക്കലാക്കിയെന്ന സംശയത്തെച്ചൊല്ലിയുള്ള തർക്കമാണ് ഭാര്യയുടെ പിണങ്ങിപ്പോക്കിന് വഴിവച്ചതെന്ന് പൊലീസ് സംശയിച്ചിരുന്നു. ഈ ദമ്പതികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. യുവാവ് ജോലിക്ക് പോകാത്തതിലുള്ള സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ഭാര്യയുമായി വഴക്ക് പതിവായിരുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.

മരണം അറിയാതെ

ഭാര്യ കാത്തിരുന്നു

താനും മകളും പോവുകയാണെന്ന് ഭാര്യക്ക് സന്ദേശമയച്ച ശേഷമാണ് യുവാവ് കടുംകൈ ചെയ്തത്. രാത്രി 11ഓടെ പിണക്കം മറന്ന് ഭാര്യ ജോലി സ്ഥലത്തു നിന്നെത്തിയെങ്കിലും വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. അച്ഛനും മകളും പുറത്തു പോയതാകുമെന്നുകരുതി സിറ്റൗട്ടിലിരുന്ന് നേരം വെളുപ്പിച്ചു. ഫോണെടുക്കാതെ വന്നതോടെ പുലർച്ചെ ബന്ധുവിനെ വിളിച്ചുവരുത്തി. ഇയാൾ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടത്. യുവാവ് ലഹരിക്കടിമയായിരുന്നുവെന്നും സൂചനകളുണ്ട്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY