
ആശ്വസിപ്പിക്കാൻ മന്ത്രിമാരും
മുഖ്യമന്ത്രി ഇന്ന് എത്തും
മല്ലപ്പള്ളി: ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയുടെ കോയമ്പത്തൂരിലേക്കുള്ള യാത്ര പാതിവഴിയെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചത്. ആലിൻ ഷെറിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി അർപ്പിക്കാൻ പോകണമെന്നായിരുന്നു നിർദേശം. യാത്ര ഉപേക്ഷിച്ച് മല്ലപ്പള്ളിയിലേക്ക് എത്തുകയായിരുന്നു . കൊച്ചുകേരളത്തിന് വലിയ സന്ദേശമാണ് ആലിൻ നൽകിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിലും ഒഡിഷയിലും ആറ് വയസും പതിനാറ് മാസവും പ്രായമുള്ള കുട്ടികളുടെ അവയവങ്ങൾ ദാനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.പള്ളിയിൽ അന്ത്യ ശുശ്രൂഷകൾ പൂർത്തിയായ ശേഷമാണ് മടങ്ങിയത്.
അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചതിൽ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന അറിഞ്ഞയാളാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്തമകൾ ലക്ഷ്മി ഒന്നര വയസുള്ളപ്പോൾ വാഹനാപകടത്തിലാണ് മരിച്ചത്.
ആലിനിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് വാലുമണ്ണിൽ വീട്ടിൽ എത്തും.
സംസ്ഥാന മന്ത്രിമാരായ വി.എൻ.വാസവൻ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, വീണാജോർജ് തുടങ്ങിയവർ വാലുമണ്ണിൽ വീട്ടിലും നെടുങ്ങാടപ്പള്ളി സി.എസ്.ഐ പള്ളിയിലും എത്തി. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി.എൻ.വാസവൻ ആലിനിന്റെ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. പത്തനംതിട്ട ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി എസ്.ആനന്ദൻ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
ഇക്കഴിഞ്ഞ 5ന് എം.സി റോഡിൽ പള്ളത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലിൻ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുടുംബം സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. മസ്തിക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
വിതുമ്പലോടെ
ശ്രേയയുടെ മുത്തച്ഛൻ
മല്ലപ്പള്ളി: ആലിനിന്റെ വൃക്കയേറ്റുവാങ്ങിയ പത്ത് വയസുള്ള ശ്രേയയുടെ മുത്തച്ഛൻ നെയ്യാറ്റിൻകര സ്വദേശി ചെറിയവല്ലം ആമ്പലക്കാല വീട്ടിൽ ചന്ദ്രൻ, ആലിനിനെ ഒരുനോക്ക് കാണാനെത്തി. ആലിനിന്റെ മൃതദേഹം കണ്ട് അദ്ദേഹം വിതുമ്പിപ്പോയി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസിന്റെ സഹായത്തോടെയാണ് ശ്രേയ ജീവൻ നിലനിറുത്തിയിരുന്നത്. ആലിനിന്റെ വൃക്കകൾ ശ്രേയയ്ക്ക് മാറ്റിവച്ചു. ഐ.സി.യുവിൽ കഴിയുന്ന ശ്രേയ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോൾ ആലിനിന്റെ വീട്ടിലെത്തുമെന്ന് ചന്ദ്രൻ പറഞ്ഞു.
അസാധാരണമായ യാത്രഅയപ്പാണിത്. ഈ പൊന്നുമോൾ ഇന്ന് യാത്രയാകുന്നില്ല. മറ്റ് നാല് കുഞ്ഞുങ്ങളിലൂടെ ജീവിക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |