
അരുവിപ്പുറം:സമൂഹത്തിൽ നിലനിന്നിരുന്ന അധർമ്മം ഇല്ലാതാക്കാൻ ജനിച്ച ഭഗവാൻ ശ്രീകൃഷ്ണന്റെ അവതാരമാണ് ശ്രീനാരായണ ഗുരുദേവനെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ജ്യോതിർലിംഗ പ്രതിഷ്ഠ നടത്തിയതിന്റെ 138 -ാമത് വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള പ്രതിഷ്ഠാ സന്ദേശ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധർമ്മത്തിന് എപ്പോഴൊക്കെ മൂല്യച്യുതിയുണ്ടോ അപ്പോൾ താൻ അവതരിക്കുമെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ജാതിവ്യവസ്ഥ പോലെ സമൂഹത്തിലുണ്ടായ തെറ്റായ രീതികൾ ഇല്ലാതാക്കാൻ അവതാരമെടുത്ത വിശ്വഗുരുവാണ് ശ്രീനാരായണ ഗുരു.സാമൂഹിക നവോത്ഥാനത്തിന്റെ മഹാഗുരുവായ ശ്രീനാരായണഗുരു നടത്തിയ ശിവലിംഗ പ്രതിഷ്ഠാ വാർഷികം ആത്മീയതയും സാമൂഹിക ബോധവൽക്കരണവും സംഗമിക്കുന്ന വിശിഷ്ട നാഴികക്കല്ലാണ്. മനുഷ്യ സമത്വം, സഹോദരത്വം, കരുണ എന്നിവയെ ഉയർത്തിപ്പിടിച്ച ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ ഇന്നും സമൂഹത്തിന് വഴികാട്ടിയാണ്.ദൈവങ്ങളെല്ലാം ഒന്നാണെന്നും എല്ലാവരും ഒരേ സമൂഹമാണെന്നുമുള്ള സനാതന ധർമ്മം മുന്നോട്ടു വയ്ക്കുന്ന ആശയമാണ് ശ്രീനാരായണ ഗുരുവിന്റെ 'ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന് എന്ന സൂക്തത്തിന്റെ കാതൽ. ‘സർവ്വ ദേവ നമസ്‌ക്കാരഃ കേശവം പ്രതിഗച്ഛതി…’എന്ന സനാതന ആശയമാണ് ശ്രീനാരായണ ഗുരുവും മുന്നോട്ടു വയ്‌ക്കുന്നത്. അത്തരം ആദർശമാണ് അരുവിപ്പുറം പ്രതിഷ്‌ഠയ്‌ക്ക് പ്രചോദനമായത്.സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കും സഹായം ആവശ്യമുള്ളവർക്കും കൈത്താങ്ങാകേണ്ട ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്.. മഹാശിവരാത്രി പോലുള്ള ആഘോഷങ്ങൾ ആത്മപരിശോധനയ്ക്കും സമൂഹക്ഷേമത്തിനായി പ്രതിജ്ഞ എടുക്കാനും പ്രചോദനമാകണമെന്നും ഗവർണർ പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ സ്വാഗതം പറഞ്ഞു.. കേരളത്തിലെ ക്ഷേത്രങ്ങളിൽ അവർണ്ണന് പൂജ ചെയ്യാൻ ജനാധിപത്യം നിലവിലുള്ള ഇക്കാലത്ത് പോലും കഴിയുന്നില്ലെങ്കിൽ ഇനിയുമേറെ നമുക്ക് മുന്നോട്ടു പോകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി .ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.വി.പി ജഗതിരാജ് , നെയ്യാറ്റിൻകര ജില്ലാ രൂപീകരണ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ആർ.ടി പ്രദീപ് എന്നിവർ സംസാരിച്ചു.
ദേശീയഗാനം
പാടി ഗവർണർ
ഗവർണർ പങ്കെടുക്കുന്ന യോഗത്തിന്റെ അവസാനം പ്രോട്ടോകോൾ പ്രകാരം കേൾപ്പിക്കേണ്ട ജനഗണമന' കേൾക്കാതായതോടെ ഗവർണർ ആർലേക്കർ ദേശീയ ഗാനം പാടി . ഗാനം കോപ്പി ചെയ്തു സൂക്ഷിച്ചിരുന്ന പെൻഡ്രൈവ് പണിമുടക്കിയതാണ് കാരണം . . ഗവർണർ പാടിത്തുടങ്ങിയതോടെ വേദിയിലുണ്ടായിരുന്ന എം.എൽ എ സി.കെ.ഹരീന്ദ്രൻ അടക്കമുള്ളവരും സദസ്സിലെ കാണികളും ഒപ്പം പാടി. വേദിയിൽ നിന്ന് മടങ്ങുമ്പോൾ മൈക്ക് ഓപ്പറേറ്റർ നിതിന് സമീപമെത്തി എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു. ഭയന്നു പോയ ഓപ്പറേറ്ററെ സമാധാനിപ്പിച്ചാണ് ഗവർണർ മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |