SignIn
Kerala Kaumudi Online
Thursday, 19 February 2026 4.46 AM IST

പൈലറ്റാകാൻ മോഹിച്ച് പറന്നത് ഒന്നാം റാങ്കിലേക്ക്, ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ സംസ്ഥാനത്തെ ടോപ്പർ ഇ.എൻ.കെ. വൈഷ്ണവ്

Increase Font Size Decrease Font Size Print Page
vaishnav-family

തൃശൂർ: 'കുട്ടിക്കാലത്ത് നാട്ടിൽ നിന്ന് മസ്‌കറ്റിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോഴാണ് പറക്കുന്ന വിമാനം കൗതുകമായത്. അങ്ങനെ പൈലറ്റ് ആകണമെന്ന് മോഹിച്ചു. ഇപ്പോൾ എയ്‌റോ സ്‌പേസ് എൻജിനിയറാകണമെന്നാണ് ആഗ്രഹം"- ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ സംസ്ഥാനത്തെ ടോപ്പർ ഇ.എൻ.കെ. വൈഷ്ണവ് പറഞ്ഞു.
പിതാവ് കൃതീഷിനൊപ്പം മസ്‌കറ്റിലാണ് വൈഷ്ണവും അമ്മ സന്ധ്യയും അനുജൻ കാർത്തികും നാലുവർഷം മുൻപ് വരെ താമസിച്ചിരുന്നത്. മസ്‌കറ്റിലെ ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിലായിരുന്നു ആദ്യം പഠനം. പിന്നീട് നാട്ടിക എസ്.എൻ വിദ്യാഭവനിൽ ഒമ്പത്,പത്ത് ക്ലാസുകൾ. ഇപ്പോൾ തൃശൂർ ദേവമാത സ്‌കൂളിൽ പ്ലസ് ടുവിന്.

വിജയം വന്ന വഴി

എയ്‌റോ സ്‌പേസ് എൻജിനിയറെന്ന മോഹം സാക്ഷാത്കരിക്കാൻ എൻട്രൻസ് വിജയം അനിവാര്യമെന്ന് മനസിലാക്കിയ വൈഷ്ണവ് പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റിലൂടെയാണ് എൻട്രൻസ് പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് പരിശീലനത്തിന്റെ ഭാഗമായി കോച്ചിംഗ് സെന്ററിനോടും സ്‌കൂളിനോടും ചേർന്നുള്ള ഹോസ്റ്റലിലേക്ക് താമസം മാറ്റി. നിത്യേന തൃശൂരിലെ സ്‌കൂളിൽ നിന്നും നാട്ടിക ഇയ്യാനി ഞായക്കാട്ടുള്ള വീട്ടിലെത്തുന്നത് സമയത്തെ ബാധിക്കുമെന്നതിലാണിത്.

പുലർച്ചെ അഞ്ചിന് എഴുന്നേറ്റാൽ സ്‌കൂൾ ബസ് വരുന്ന എട്ട് വരെയാണ് പഠനം. വൈകിട്ട് മൂന്നിന് സ്‌കൂൾ വിട്ടാൽ തൃശൂർ പാട്ടുരായ്ക്കലിലെ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ കോച്ചിംഗ്,പന്നീട് ചേറൂരിലെ ഹോസ്റ്റലിലെത്തി രാത്രി 11 വരെ പഠനം തുടരും. ആറ് മണിക്കൂർ മാത്രമാണ് ഉറക്കം.

നിലവിൽ പ്ലസ് ടു ബോർഡ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ് വൈഷ്ണവ്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയും കീമും മികച്ച റാങ്കിൽ പാസായി മെക്കാനിക്കൽ എൻജിനിയറിംഗിന് ശേഷം എയ്‌റോ സ്‌പേസ് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം എടുക്കാനാണ് താത്പര്യം. കൂടാതെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കി മുംബയ് ഐ.ഐ.ടിയിലോ മദ്രാസ് ഐ.ഐ.ടിയിലോ ചേർന്ന് പഠിക്കാനും വൈഷ്ണവിന് ആഗ്രഹവുമുണ്ട്. അതിനുള്ള കഠിന പ്രയ്നത്തിലുമാണ് വൈഷ്ണവ്.

ദീർഘകാലം പ്രവാസിയായിരുന്നു പിതാവ് കൃതീഷ് ഓട്ടിസം വിദ്യാർത്ഥികൾക്ക് സ്പീച്ച് തെറാപ്പി നൽകുന്ന അതിഥി ഗ്രൂപ്പ് കമ്പനിയുടെ സി.ഇ.ഒയായി നാട്ടിൽ ജോലി ചെയ്യുന്നു. വീട്ടമ്മയായ മാതാവ് സന്ധ്യയാണ് വൈഷ്ണവിന്റെയും പത്താം ക്ലാസുകാരനായ അനുജൻ കാർത്തികിന്റെയും പഠനകാര്യങ്ങളും മറ്റും നോക്കുന്നത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY