
കേരള രാഷ്ട്രീയത്തിൽ പാർട്ടിയുടെ വലിപ്പത്തിനപ്പുറത്ത് ജനകീയനും ബൗദ്ധിക മണ്ഡലങ്ങളിൽ ഇടപെടുന്ന നേതാവുമെന്ന നിലയിൽ വിശാല സൗഹൃദങ്ങളുള്ള സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
?എം.വി രാഘവനു ശേഷം സി.എം.പി ക്ഷയിച്ചോ
ഇം.എം.എസിനും ജ്യോതിബസുവിനും ശേഷം സി.പി.എം എങ്ങോട്ടു പോയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തലാണ് അതിന് മറുപടി. പത്തു വർഷം കൂടി കഴിഞ്ഞാൽ എവിടെയാവും ആ പാർട്ടിയെന്നത് കണ്ടറിയാം. എം.വി.ആർ മരിച്ചിട്ട് 12 വർഷം. എന്നിട്ടും കാസർകോട് മുതൽ പാറശാല വരെ സി.എം.പിയുണ്ട്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലെ സി.പി.എമ്മിനെക്കാളും വലുതാണ് കേരളത്തിലെ സി.എം.പി.
?ആവശ്യപ്പെടുന്ന സീറ്റുകൾ
തിരുവനന്തപുരവും കുന്ദമംഗലവും.
?സി.പി.ജോൺ എവിടെയാണ് മത്സരിക്കുന്നത്
പാർട്ടി തീരുമാനം ഞാൻ തിരുവനന്തപുരത്തും സി.എൻ വിജയകൃഷ്ണൻ കുന്ദമംഗലത്തും മത്സരിക്കണമെന്നാണ്. അത്തരമൊരാവശ്യം കോൺഗ്രസിന് മുന്നിൽ വച്ചിട്ടുണ്ട്. നടക്കുമെന്നാണ് പ്രതീക്ഷ.
?താങ്കൾക്കായി ലീഗ് തിരുവമ്പാടി തരുമെന്നാണല്ലോ പറയുന്നത്
സി.എം.പി തിരുവമ്പാടി ചോദിച്ചിട്ടില്ല. മറ്റെല്ലാം ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ് വരേണ്ടതാണ്.
?മൂന്നാം ഇടത് സർക്കാർ വരുമോ
അവർക്കു തന്നെ ഉറപ്പില്ലാത്ത കാര്യമാണത്. അത്രമേൽ ജനത്തെ വെറുപ്പിച്ചില്ലേ. വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരും.
?സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവ പരിഗണന കുറയുകയാണല്ലോ
എല്ലാ വിഭാഗങ്ങൾക്കും തുല്യ പരിഗണന വേണം.
?ഇടതുപക്ഷത്തേക്ക് ഒരു തിരിച്ചു പോക്കില്ലേ
എന്തിന് പോകണം. എവിടേക്ക് പോകണം. അവിടെ ആരാണ് കമ്മ്യൂണിസ്റ്റുകാരായിട്ടുള്ളത്. സി.പി.എം സി.പി.ഐയിലേക്ക് പോകുന്ന കാലത്ത് സി.എം.പിയും ആലോചിക്കാം. സി.പി.എമ്മുകാർ പറഞ്ഞു നടക്കുന്നത് അവരാണീ പാർട്ടി ഉണ്ടാക്കിയതെന്നാണ്. വിവരക്കേടുകൾക്ക് മറുപടിയില്ല. സി.പി.ഐ ആയിരുന്നല്ലോ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |