
ആലുവ: നാലു പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ജാസ്‌ലിയ ജോൺസൺ (19) വിടവാങ്ങി. വാഹനമിടിച്ച് പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച വൈപ്പിൻ എടവനക്കാട് സ്വദേശി ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തു. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ജാസ്‌ലിയ ഫെബ്രുവരി 28നാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടത്. പഠനത്തോടൊപ്പം ചെയ്തിരുന്ന പാർട്ട്ടൈം ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
കാർ ഇടിച്ച് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്‌ലിയയെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പൊലീസാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് മാതാപിതാക്കൾ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.
കരൾ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും നേത്രപടലം അങ്കമാലി അങ്കമാലി ഐ ബാങ്ക് അസോസിയേഷൻ ഒഫ് കേരളയിലേക്കും കൈമാറി.
ആരോഗ്യ മന്ത്രി വീണാ ജോർജ് ആദരാഞ്ജലി അർപ്പിച്ചു.
പഠനത്തോടൊപ്പം യൂണിവേഴ്സിറ്റി തലത്തി സ്‌പോർട്സിലും കഴിവ് തെളിയിച്ചിരുന്നു ജാസ്‌ലിയ. പിതാവ്: ജോൺസൺ. മാതാവ്: ലിമ. സഹോദരൻ: ജാസിൻ.
വാഹനം കണ്ടെത്തി
ജാസ്‌ലിയയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ വാഹനം ഇന്നലെ വൈകിട്ടോടെ കണ്ടെത്തി. തുറവൂരിൽ നിന്ന് തിങ്കളാഴ്ചയാണ് കോട്ടയം സ്വദേശിയുടെ വാഹനം കണ്ടെത്തിയത്. ഇൻസ്‌പെക്ടർ എ. രമേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രദീപ് കുമാർ,ബിജു, സീനിയർ സി.പി.ഒ ലിൻസൻ തുങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |