
കൊച്ചി: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക (ആർട്ടറി ഫോർസെപ്സ്) നീക്കം ചെയ്ത ശേഷം ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫ് (59) വീട്ടിലേക്ക് മടങ്ങി. അഞ്ചു വർഷം നീണ്ട വേദനകൾക്കൊടുവിൽ എറണാകുളം അമൃത ആശുപത്രിയിൽ ഫെബ്രുവരി 21നാണ് മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തത്. ചെലവുകൾ സർക്കാർ വഹിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാതാ അമൃതാനന്ദമയി മഠം ചികിത്സ സൗജന്യമാക്കി.
ഇന്നലെ വൈകിട്ട് 3ന് ഭർത്താവ് ജോസഫിനും മകൻ ഷിബിനുമൊപ്പം ആംബുലൻസിലാണ് മടങ്ങിയത്. സ്റ്റിച്ചുകൾ നീക്കിയിട്ടില്ല. രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും ആശുപത്രിയിലെത്തണം. ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ.ഒ.വി. സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ.കെ.വി. സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.കെ. രാധാമണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
പുറത്തെടുത്തപ്പോൾ കത്രികയുടെ അഗ്രഭാഗം രണ്ടായി അടർന്ന നിലയിലായിരുന്നു. ഇത് കേസന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈ.എസ്.പിക്ക് കൈമാറി.
ഗർഭപാത്രത്തിലെ മുഴ നീക്കംചെയ്യാൻ 2021 മേയ് 12ന് നടത്തിയ ശസ്ത്രക്രിയയ്‌ക്കിടെയാണ് ഉഷയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |