
ദേവികുളം: ഒറ്റ എം.എൽ.എ കിരീടത്തിനായി നാല് രാജാക്കന്മാരാണ് ദേവികുളത്ത് അങ്കത്തട്ടിലുള്ളത്. എൽ.ഡി.എഫ്,യു.ഡി.എഫ്,എൻ.ഡി.എ,ബി.എസ്.പി മുന്നണികൾക്കായി ജനവിധി തേടുന്നവരിലാണ് രണ്ട് വീതം രാജയും രാജേന്ദ്രന്മാരുമുള്ളത്. എൽ.ഡി.എഫിനായി നിലവിലെ എം.എൽ.എ എ.രാജയും യു.ഡി.എഫിനായി എഫ്.രാജയുമാണ് ജനവിധിതേടുന്ന രണ്ട് രാജമാർ. എ.രാജയുടെ രണ്ടാം അങ്കമാണിത്. കഴിഞ്ഞ തവണ 7,848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പള്ളിവാസിൽ പഞ്ചായത്തംഗം,അടിമാലി ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എഫ്.രാജയുടെ കന്നിയങ്കമാണിത്. എൻ.ഡി.എ സ്ഥാനാർത്ഥി മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ,ബി.എസ്.പി സ്ഥാനാർത്ഥി വി.ബി.രാജേന്ദ്രൻ എന്നിവരാണ് മത്സരംഗത്തുള്ള രണ്ട് രാജേന്ദ്രൻമാർ.2006 മുതൽ തുടർച്ചയായി മൂന്ന് തവണ സി.പി.എമ്മിൽ നിന്നുള്ള ദേവികുളം എം.എൽ.എയായ എസ്.രാജേന്ദ്രൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബി.ജെ.പിയിൽ ചേർന്നത്.
ബി.എസ്.പിയുടെ വി.ബി.രാജേന്ദ്രന്റെ കന്നിയങ്കമാണ്.ഒരോ വോട്ടും നിർണായകമായതിനാൽ സ്ഥാനാർത്ഥികളുടെ പേരിലെ സമാനത വോട്ടിംഗ് മെഷീനിൽ പേര് നോക്കി വോട്ട് ചെയ്യുന്ന വോട്ടർമാരെ കുഴപ്പിക്കുമോ എന്ന ആശങ്കയിലാണ് മുന്നണികളെല്ലാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |