
തിരുവനന്തപുരം: ജില്ലയിൽ കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കുഞ്ഞുങ്ങൾ,പ്രായമായവർ,ഗർഭിണികൾ,ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ വേണം. ഉയർന്ന ചൂട് സൂര്യാഘാതം,സൂര്യാതപം,നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം. നിർജ്ജലീകരണം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. പുറത്തിറങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ നിർബന്ധമായും പാദരക്ഷ,കുട എന്നിവ ഉപയോഗിക്കണം.
ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ തണലിൽ വിശ്രമിച്ച ശേഷം ധാരാളം വെള്ളം കുടിക്കണം.കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക,തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക,കാറ്റ് കൊള്ളുകയോ എ.സി ഉപയോഗിക്കുകയോ ചെയ്യണം.അസ്വസ്ഥതകൾ മാറിയില്ലെങ്കിൽ ഉടൻതന്നെ ചികിത്സ തേടുക.
വളരെ ഉയർന്ന ശരീര താപനില,വേഗത്തിലുള്ള ഹൃദയമിടിപ്പ്,വറ്റിവരണ്ട ചുവന്ന ചർമ്മം,ശക്തമായ തലവേദന,തലകറക്കം,ഓക്കാനം,ബോധക്ഷയം,കഠിനമായ ക്ഷീണം എന്നിവ തോന്നിയാൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഉടൻ തന്നെ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |