
കൊച്ചി: ക്‌നാനായ ക്രൈസ്തവ സഭയിലെ സ്വജാതി വിവാഹ നിബന്ധനയും അത് പാലിക്കാത്തവരെ ഇടവകയിൽ നിന്ന് പുറത്താക്കുന്ന നടപടിയും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. ക്രിസ്തുവിന്റെ പ്രബോധനങ്ങളോ ബൈബിളോ കാനോൻ നിയമമോ ഇതിനെ പിന്തുണയ്‌ക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സ്വജാതി വിവാഹ നിബന്ധനയ്ക്കെതിരായ കോട്ടയം അഡിഷണൽ സബ്‌കോടതിയുടെ വിധിയും അത് ശരിവച്ച അഡിഷണൽ ജില്ലാ കോടതിയുടെ ഉത്തരവും ചോദ്യം ചെയ്ത് ക്‌നാനായ സഭ ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് അടക്കം സമർപ്പിച്ച അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ഉത്തരവ്.
ക്‌നാനായക്കാർ അതേ ജാതിയിൽ നിന്നേ വിവാഹം കഴിക്കാവൂ എന്നത് ആചാരമായി തുടരാൻ അവകാശമുണ്ടെന്ന വാദം കോടതി തള്ളി. മറ്റു ജാതിയിൽ നിന്ന് വിവാഹം കഴിക്കുന്നവർക്ക് അംഗത്വം നിഷേധിക്കാനോ പുറത്താക്കാനോ സഭയ്‌ക്ക് അധികാരമില്ലെന്നും വ്യക്തമാക്കി. മതപരമായ സ്വയംഭരണാധികാരമെന്നത് വ്യക്തികളുടെ മൗലികാവകാശങ്ങളിലേക്ക് കടന്നുകയറാനും അവരെ ഒറ്റപ്പെടുത്താനുമുള്ള ലൈസൻസല്ലെന്നും ഓർമ്മിപ്പിച്ചു.
മറ്റു ജാതിക്കാരെ വിവാഹം കഴിക്കുന്നവർക്ക് ക്‌നാനായ സഭയുടെ കൂദാശകളും കർമ്മങ്ങളും നിഷേധിക്കുന്നത് തെറ്റാണ്. ഇത്തരത്തിൽ വിവാഹം കഴിക്കുന്നവർക്കും പങ്കാളികൾക്കും മക്കൾക്കും സഭയിലെ എല്ലാ അവകാശങ്ങളും കൂദാശകളും നൽകണം. അംഗത്വം നഷ്ടപ്പെട്ടവരെ തിരിച്ചെടുക്കണം. വ്യക്തിയുടെ അന്തസും തുല്യതയും ഉയർത്തിപ്പിടിക്കുന്നതാണ് കീഴ്ക്കോടതികളുടെ ഉത്തരവുകളെന്ന് വ്യക്തമാക്കിയാണ് അപ്പീലുകൾ ചെലവ് സഹിതം തള്ളിയത്.
വിവാഹം വ്യക്തിതാത്പര്യം
ക്രിസ്തുവിൽ എല്ലാവരും ഒന്നാണെന്നും അവിടെ യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലെന്നുമുള്ള ബൈബിൾ വചനം ഉദ്ധരിച്ചാണ് കോടതി വിധി. ജനനം വഴി ലഭിക്കുന്ന സഭാംഗത്വം വിവാഹത്തിന്റെ പേരിൽ റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധം.
വ്യക്തികളുടെ വിവാഹ സ്വാതന്ത്ര്യത്തിലും മൗലികാവകാശങ്ങളിലും ഇടപെടാൻ സഭയ്‌ക്ക് അധികാരമില്ല. ഒരാൾക്ക് സമുദായത്തിനകത്തുനിന്ന് വിവാഹം കഴിക്കാം. എന്നാൽ ഇത് സ്ഥാപനവത്കരിക്കാനോ നിയമം വഴി അടിച്ചേൽപ്പിക്കാനോ കഴിയില്ല. കത്തോലിക്കാ സഭയിലെ ഏഴ് കൂദാശകളിൽ ഒന്നായ വിവാഹം നടത്താൻ സഭയ്‌ക്ക് ബാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |