
തിരുവനന്തപുരം:പ്രീമിയം അടച്ചിട്ടും മെഡിസെപ് സൗജന്യചികിത്സ കിട്ടാത്തതിന് കാരണം സാങ്കേതിക തടസ്സമാണെന്ന് സർക്കാർ സമ്മതിച്ചു. അതേസമയം, പണം കൊടുത്ത് ചികിത്സ തേടിയവർക്ക് അതു തിരിച്ചുകൊടുക്കുന്ന കാര്യത്തിൽ സർക്കാർ മൗനം തുടരുകയാണ്.
മെഡിസെപ് പോർട്ടൽ നവീകരണത്തിന്റെ ഭാഗമായി മാർച്ച് 14 മുതൽ 18വരെ സാങ്കേതിക തടസ്സമുണ്ടായെന്നാണ് സർക്കാർ ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയത് . 2917 ക്ളെയിമുകൾക്ക് ആദ്യഘട്ട അംഗീകാരവും 5367 ചികിത്സാ ക്ളെയിമുകൾക്ക് അന്തിമഘട്ട അംഗീകാരവും നൽകാനായില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇവയുടെ കാര്യത്തിൽ തുടർ നടപടി സ്വീകരിച്ചിട്ടില്ല. ഇവരുടെ രേഖകൾ പോർട്ടലിൽ ഉണ്ട്.
എന്നാൽ തകരാർ നേരിട്ട ദിവസങ്ങളിൽ പോർട്ടലിൽ പ്രവേശിക്കാൻ കഴിയാതെ സ്വന്തം കീശയിൽ നിന്ന് പണം മുടക്കി ചികിത്സ തേടിയവരുടെ കാര്യത്തിൽ ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയാണ്.
മെഡിസെപ് പോർട്ടലിൽ സാങ്കേതിക നവീകരണം നടത്തുന്നതിനാൽ സേവനം തടസ്സപ്പെടാനിടയുണ്ടെന്ന് സർക്കാരോ,മെഡിസെപ് നടത്തുന്ന ഓറിയന്റൽ ഇൻഷ്വറൻസോ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിച്ചിരുന്നില്ല.ഇതുമൂലം ചികിത്സ തേടിയ പലർക്കും പ്രാരംഭ ക്ളെയിം രജിസ്ട്രേഷൻ നൽകാൻ പോലുമായില്ല. സർക്കാർ പറയുന്ന ആദ്യഘട്ട ക്ളെയിം ഉന്നയിക്കുന്നവരുടെ പട്ടികയിലോ, അന്തിമഘട്ട ക്ളെയിം ഉന്നയിച്ചവരുടെ പട്ടികയിലോ അവർ ഉൾപ്പെടുന്നില്ല. പല ആശുപത്രികളിലും മെഡിസെപ് കാർഡുമായി എത്തിയവരോട് ഇൻഷ്വറൻസ് പോർട്ടൽ പ്രവർത്തിക്കുന്നില്ലെന്നും സ്വന്തമായി ബില്ലടക്കാൻ കഴിയുമെങ്കിൽ മാത്രം അഡ്മിറ്റ് ചെയ്താൽ മതിയെന്നും മുൻകൂട്ടി പറഞ്ഞിരുന്നു.അവർക്കും ക്ളെയിം കിട്ടാത്തത് മൂലമുള്ള നഷ്ടം എങ്ങനെ നികത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് ഉപഭോക്താക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |