
കൊച്ചി: തുടർ ഭരണം ഉറപ്പിക്കാൻ പിണറായി വിജയനും സി.പി.എമ്മും എസ്.ഡി.പി.ഐയുമായി ഡീൽ ഉണ്ടാക്കിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് യു.ഡി.എഫിനെ തോൽപ്പിക്കാൻ ലക്ഷ്യമിട്ടാണ് മഴവിൽ സഖ്യമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ദേശീയ നിലപാടിന് വിരുദ്ധമായി ഡീലുണ്ടാക്കാൻ നേതൃത്വം നൽകിയത് മലയാളിയായ ദേശീയ ജനറൽ സെക്രട്ടറിയാണ്. ഇതിൽ പ്രതിഷേധിച്ച് 17 വർഷമായി പ്രവർത്തിക്കുന്ന പാർട്ടി വിടുന്നതായി അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിൽ ജി. സുധാകരൻ ഉൾപ്പെടെ സ്വതന്ത്രർക്കായി പ്രവർത്തിക്കും. കഴിഞ്ഞ ജനുവരി മുതലാണ് സി.പി.എമ്മുമായി ചർച്ചകൾ നടത്തിയത്. ജമാ അത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും വിമർശിക്കുന്ന നിലപാട് സി.പി.എം മാറ്റി. ജമാ അത്തെ ഇസ്‌ലാമിയെ മാത്രമാണ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും വിമർശിക്കുന്നത്. സഖ്യത്തിന് പിന്നിലെ ഡീലുകൾ എന്താണെന്നറിയില്ല.
മഞ്ചേശ്വരം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ മുസ്ലിം വോട്ട് ഭിന്നിപ്പിച്ച് യു.ഡി.എഫിനെ തോൽപ്പിക്കാനാണ് എസ്.ഡി.പി.ഐ മത്സരിക്കുന്നത്. ബി.ജെ.പിക്ക് വിജയ സാദ്ധ്യതയുള്ള നേമത്ത് മത്സരിക്കാത്തത് സി.പി.എമ്മിന് വോട്ട് നൽകാനാണ്. പാർട്ടി വോട്ടുള്ള പൂഞ്ഞാർ, ഏറ്റുമാനൂർ, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയില്ല. ആലുവയിൽ സ്ഥാനാർത്ഥിയെ പിൻവലിച്ചത് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടിയാണ്. എല്ലാ ജില്ലകളിലും എൽ.ഡി.എഫ് മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഡീലുകൾ നടത്തിയതെന്നും തുളസീധരൻ പറഞ്ഞു.ആലപ്പുഴ സ്വദേശിയായ തുളസീധരൻ പള്ളിക്കൽ കോട്ടയത്താണ് താമസിക്കുന്നത്. പാർട്ടി രൂപീകരണം മുതൽ ഭാരവാഹിയുമാണ്. കോൺഗ്രസ് സംസ്ഥാന നേതാക്കൾ അദ്ദേഹവുമായി ചർച്ചകൾ ആരംഭിച്ചതായാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |