കൊച്ചി: കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഇന്ന് എറണാകുളത്ത് തിരിതെളിയും. ഇന്നലെ വിവിധ ജില്ലകളിൽ നിന്നായി 1800ലേറെ വിദ്യാർത്ഥികൾ നഗരത്തിലെത്തി. കോഴിക്കോട് നിന്നുള്ള കുട്ടികളാണ് ആദ്യം എത്തിയത്.
കുട്ടികളെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ടി.ജെ.വിനോദ് എം.എൽ.എ, ട്രാൻസ്പോർട്ട് കമ്മിറ്റി ചെയർമാൻ ദീപ്തി മേരി വർഗീസ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ആറ് വേദികളിലായി അയ്യായിരത്തിലേറെ വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. ഇന്നു രാവിലെ 9ന് എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തും. 10.30ന് എറണാകുളം ടൗൺഹാളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും.
ഇന്നലെ രജിസ്ട്രേഷൻ ആരംഭിച്ചു. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി, ഗണിത ശാസ്ത്രം വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങൾ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വൊക്കേഷണൽ എക്സ്പോ-2022നും ഇന്ന് എറണാകുളം എസ്.ആർ.വി സ്കൂളിൽ തുടക്കമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |